കൂടുതല്‍ സേവനങ്ങളോടെ കനിവ് 108; ഇനി രോഗികളുടെ വിവരങ്ങള്‍ തല്‍സമയം ആശുപത്രി സ്‌ക്രീനില്‍ തെളിയും


കോഴിക്കോട്: കനിവ് ആബുലന്‍സില്‍ ചികിത്സക്കായി എത്തുന്ന രോഗികളുടെ വിവരം ഇനി തല്‍സമയം ആശുപത്രിയില്‍ അറിയിക്കുന്ന സേവനം വരുന്നു. ആശുപത്രിയില്‍ എത്തിയ ശേഷം രോഗികള്‍ നേരിടേണ്ടി വരുന്ന കാലതാമസം ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്റര്‍ സ്ഥാപിച്ചായിരിക്കും. ഒരു രോഗി 108 ആംബുലന്‍സില്‍ പ്രവേശിച്ചാലുടന്‍ രോഗിയുടെ വിവരം, അപകടവിവരം, രോഗിയുടെ അവസ്ഥ, ആബുലന്‍സ് വരുന്നതിന്റെ വിവരം,ആശുപത്രിയില്‍ എത്തുന്ന സമയം തുടങ്ങിയവയെല്ലാം മോണിറ്ററില്‍ തല്‍സമയം കാണിക്കും.

ഇത് ആശുപത്രിയിലുള്ളവര്‍ക്ക് വേണ്ട ക്രമീകരണം നടത്താനും ചികിത്സ നടത്താനും സഹായിക്കും. സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.