കാട് മൂടിയ ഒരേക്കറില്‍ പൊന്ന് വിളയിച്ച് കാക്കിക്കുള്ളിലെ കര്‍ഷകന്‍; കൊയിലാണ്ടി സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ സുരേഷിന്റെ വിജയഗാഥ


നടുവത്തൂര്‍: 150 ഓളം വാഴ, കൂട്ടിന് കിഴങ്ങും വെണ്ടയും, ചീരയും തുടങ്ങി പറമ്പ് നിറയെ പച്ചക്കറികളും. കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഡ്രൈവര്‍ ഒ.കെ സുരേഷിന് ജോലി പോലെ തന്നെ ജീവനാണ് കൃഷിയും. കഴിഞ്ഞ എട്ട് വര്‍ഷമായി സുരേഷ് കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ വിളവെടുപ്പിന് ഇത്തിരി മധുരം കൂടുതലാണ്.

ഒറോക്കുന്ന് മലയിൽ ആശ്രമം ഹൈസ്കൂളിനടുത്ത് കാട് മൂടി കാട്ടുമൃഗങ്ങളുടെ കേന്ദ്രമായിരുന്ന ഒരേക്കർ പ്രദേശം കാട് വെട്ടിത്തെളിച്ചാണ് സുരേഷ് മണ്ണില്‍ പൊന്ന് വിളയിച്ചത്. മാത്രമല്ല പച്ചക്കറി മാത്രമായി ഒതുങ്ങാതെ ഇത്തവണ സംയോജിത കൃഷിയാണ് ചെയ്തിരിക്കുന്നത്. സ്ഥല ഉടമയുടെ അനുമതി വാങ്ങിയ ശേഷം ജെസിബി ഉപയോഗിച്ചാണ് സ്ഥലം കൃഷിക്കായി പാകപ്പെടുത്തിയത്.

നിറയെ അക്വേഷ്യ മരങ്ങളും പുല്ലും കാടും നിറഞ്ഞ സ്ഥലം ഏറെ പണിപെട്ടാണ് കൃഷിയോഗ്യമാക്കിയത്. ശേഷം ജെസിബി ഉപയോഗിച്ച് തന്നെ നിലം ഒരുക്കി. എല്ലാത്തിനും കൂട്ടായി അനിയന്‍ സതീഷും, ഭാര്യ ശോഭയും മക്കളായ സൂര്യപ്രഭയും സൂര്യനന്ദയും സുരേഷിനൊപ്പം കൂടിയതോടെ പണികളെല്ലാം വേഗത്തിലായി

വെണ്ട, വഴുതിന, വെള്ളരിക്ക, ചീര, പച്ചമുളക്, കോളിഫ്‌ളവര്‍, കാബേജ്, വഴുതന, കയ്പ, പയര്‍ എന്നിവയ്‌ക്കൊപ്പം റോബസ്റ്റും നേന്ത്രയുമായി 150 ഓളം വാഴകളും കിഴങ്ങും നട്ടു. മാത്രമല്ല ചേമ്പ്, കണ്ടിക്കിഴങ്ങ്, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയും നടാനുള്ള ഒരുക്കത്തിലാണ് സുരേഷും കുടുംബവും. ജോലി തിരക്കുള്ളപ്പോള്‍ മിക്കപ്പോഴും കുടുംബം തന്നെയാണ് കൃഷിയുടെ പരിപാലകര്‍. 2021ല്‍ മികച്ച കര്‍ഷകനുള്ള സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ കര്‍ഷകന്‍ കൂടിയാണ് സുരേഷ്.

ഒക്ടോബറിലായിരുന്നു കൃഷിക്ക് തുടക്കമിട്ടത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം ഒരേക്കര്‍ നിറയെ എല്ലാം വിളവെടുപ്പിന് പാകമായി നില്‍ക്കുകയാണ്. ഇന്ന് രാവിലെ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. പച്ചക്കറി വിളവെടുപ്പ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മൽ ടീച്ചർ, കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, കൃഷി ഓഫീസർ അശ്വതി ഹർഷൻ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത ബാബു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽകുമാർ, വാർഡ് മെമ്പർമാരായ.കെ സി രാജൻ, അമൽ സരാഗ, വി മോളി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിയ വി, സിഡിഎസ് ചെയർപേഴ്സൺ വിധുല, കെ.പി ഭാസ്കരൻ, കെ.എം സുരേഷ് ബാബു, അഗ്രി ബിസി അഭിരാമി, പ്രമോദ് വിയ്യൂർ, ഒ.കെ സതീഷ്, ശോഭ എൻ.ടി, രമാദേവി, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, സിഡിഎസ് മെമ്പർമാർ, ആശ്രമം ഹൈസ്കൂൾ ഗെയ്ഡ്സ് വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.