പാറക്കടവ് ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിൽ, പ്രീ കെ ഇ ആർ കെട്ടിടത്തിന് അടുത്തവർഷം പ്രവർത്തന അനുമതി ലഭിക്കില്ല; “ഞങ്ങൾക്ക് പഠിക്കണം” വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി വിദ്യാർത്ഥികൾ
നാദാപുരം: പാറക്കടവ് ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിലേക്ക്. സ്കൂളിലെ പ്രീ കെ ഇ ആർ കെട്ടിടത്തിന് അടുത്തവർഷം പ്രവർത്തന അനുമതി ലഭിക്കില്ല എന്ന് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട് വന്നു. ഈ അവസരത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് വിദ്യാർത്ഥികൾ കത്ത് എഴുതി. ഞങ്ങൾക്ക് പഠിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ മന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് കത്തയച്ചത്.
2017ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വന്ന് നാട്ടിലെ വിദ്യാലയങ്ങളൊക്കെ മുഖം മിനുക്കിയപ്പോൾ പാറക്കടവ് ഗവൺമെൻറ് യുപി സ്കൂൾ കടുത്ത അവഗണനയാണ് നേരിട്ടതെന്ന് ഇവിടുത്തെ അധ്യാപകരും പിടിഎ ഭാരവാഹികളും പറയുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി കെട്ടിട നിർമ്മാണത്തിനോ മറ്റു അറ്റകുറ്റപ്പണികൾക്കോ യാതൊരു ഫണ്ടും ലഭിക്കാത്ത നാദാപുരം നിയോജകമണ്ഡലത്തിലെ ഏക സർക്കാർ യുപി വിദ്യാലയമാണ് പാറക്കടവ് ഗവൺമെൻറ് മാപ്പിള യുപി സ്കൂളാണെന്നും ഇവർ പറയുന്നു. 99% വും മത ന്യൂനപക്ഷ വിഭാഗത്തിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കൂടിവരുന്ന ഒരു സാഹചര്യമാണുള്ളത്. ഈ അക്കാദമിക വർഷം ക്ലാസ് മുറികൾ ഇല്ലാത്ത സാഹചര്യത്തിൽ അഡ്മിഷൻ നിർത്തിവെക്കുകയാണ് ഉണ്ടായതെന്ന് അധ്യാപകർ പറഞ്ഞു.
എല്ലാ ക്ലാസ് മുറികളിലും അധ്യയനം നടക്കുന്നു. ഒരു ക്ലാസിൽ തന്നെ രണ്ടു ഭാഷാ അധ്യാപകർക്ക് രണ്ടു മൂലകളിലായി ക്ലാസ്സ് എടുക്കേണ്ടിയും വരുന്നു. വിദ്യാലയത്തിൽ ശാസ്ത്ര ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികൾ ഇല്ല. 2019-20 വർഷം 168 കുട്ടികളുണ്ടായിരുന്നത് 2024-25 വർഷമായപ്പോഴേക്കും 312 ആയി ഉയർന്നു.2023-24 ,2024-25 വർഷങ്ങളിലായി വിദ്യാലയത്തിൽ നാലു അധ്യാപക തസ്തികകൾ പുതുതായി ഉണ്ടായി.
പാറക്കടവ് അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള ഈ വിദ്യാലയത്തിന് സ്ഥലപരിമിതിയുണ്ട്. വരാനിരിക്കുന്ന കാലത്തെ മുന്നിൽ കണ്ടു ബഹുനില കെട്ടിടം നിർമ്മിക്കുക എന്നു മാത്രമാണ് ഏക പോംവഴി. അതിന് സർക്കാർ കനിയും എന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും. കഴിഞ്ഞ കുറെ വർഷങ്ങളായി പിടിഎയുടെയും സ്കൂൾ വികസന സമിതിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്കൂൾ കെട്ടിടത്തിനായി എംഎൽഎ യേയും എംപിയെയും നേരിൽകണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. കെട്ടിട നിർമ്മാണം ഇനിയും വൈകിയാൽ വിദ്യാലയം തന്നെ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് നാട്ടുകാർ.