കോളേജ് ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു; നാദാപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; 18 പേർ ആശുപത്രിയിൽ


നാദാപുരം: കോളേജ് ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. നാദാപുരം പുളിയാവിലെ മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.

പല വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവരുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണുണ്ടായത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളില്‍ പലരും കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ചിരുന്നു എന്നാണ് അറിവ്. എന്നാൽ പൊറോട്ട ക്യാന്റീനിൽ തയ്യാറാക്കിയതാണ് എന്നും പുറത്തുനിന്നും വാങ്ങിയതാണെന്നും ക്യാന്റീന്‍ ജീവനക്കാര്‍ പറയുന്നു. കടലക്കറി ക്യാന്റീനില്‍ തന്നെ പാകം ചെയ്തതാണ്.

വിവരം അറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കോളജ് അധികൃതരും ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ കണ്ടു. ഇവരിൽ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

summary: students who ate food from college canteen in nadapuram get food poisoning