വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചു; കുറ്റ്യാടിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ
കുറ്റ്യാടി: വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചതായി പരാതി. കുറ്റ്യാടിയിലെ ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ. നാദാപുരം വരിക്കോളി കൂർക്കച്ചാലിൽ ലിനീഷാണ് റിമാൻഡിലായത്. ലാബ് ടെക്നിഷ്യൻ കോഴ്‌സ്, നഴ്സിങ് അസിസ്‌റ്റന്റ് കോഴ്‌സ് എന്നിവയ്ക്ക് വിദ്യാർഥികളെ ചേർത്തു വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്നാണ് പരാതി.
കുറ്റ്യാടിയിൽ ഗേറ്റ് അക്കാദമി എന്ന പേരിൽ 2017 മുതലാണ് സ്ഥാപനം ആരംഭിച്ചത്. നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിൽ ലാബ് ടെക്നിഷൻ കോഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് തുടങ്ങി വിവിധ കോഴ്‌സുകൾ നടത്തി അവയ്ക്ക് ഗവണ്മെന്റ് അംഗീകാരം ഉണ്ടെന്ന് വിദ്യാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ച് കോഴ്സിന് ചേർത്തുകയായിരുന്നു. 2 വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാതെ വഞ്ചിക്കുകയും, കുട്ടികൾ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി സ്ഥാപനം പറ്റിക്കുകയും ചെയ്തു.
വിദ്യാർത്ഥികളുടെ പരാതിയിൽ കുറ്റ്യാടി പോലിസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.