അണിചേരാം, ഒത്തൊരുമിക്കാം; ലഹരിക്കെതിരെ കൂട്ടയോട്ടവുമായി ചെമ്പനോട സെന്റ്. ജോസഫ്‌സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍


ചെമ്പനോട: നാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി വിദ്യാര്‍ത്ഥികള്‍. ചെമ്പനോട സെന്റ്. ജോസഫ്‌സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ എന്നിവരാണ് കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്. സ്‌കൂളിലെ ലഹരി വിമുക്ത ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നല്ല പാഠം ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

എസ്.ഐ വേണുഗോപാലന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച കൂട്ടയോട്ടം സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് ആരംഭിച്ച് ചെമ്പനോട മുകളിലത്തെ അങ്ങാടിയിലും തുടര്‍ന്ന് താമര മുക്ക് വരെയും തിരിച്ച് സ്‌കൂളില്‍ അവസാനിക്കുകയും ചെയ്തു.

തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എസ്.ഐ വേണുഗോപാലന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. കുട്ടികള്‍ നന്മമരമായിരിക്കണമെന്നും, നെല്ലി നിറയെ കായ്ച്ചു നിക്കുന്നത് അതിന്റെ പൈതൃകം കൊണ്ടാണെന്നും അതുപോലെ നമ്മളും പൈതൃകം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

ചടങ്ങില്‍ പി.റ്റി.എ പ്രസിഡന്റ് ബിജു കെ.കെ അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ ലീഡര്‍ കാര്‍ത്തിക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ മാനേജര്‍ റവ.ഫാ.ഡോ. ജോണ്‍സണ്‍ പാഴുകുന്നേല്‍, വാര്‍ഡ് മെമ്പര്‍ ലൈസ ജോര്‍ജ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

അധ്യാപികയായ റെന്‍സി ജോര്‍ജ് എഴുതിയ ലഹരി വിരുദ്ധ ഗാനം സംഗീത അധ്യാപിക സില്‍വിരാജ് കുട്ടികളെ പഠിപ്പിച്ചു. യോഗത്തില്‍ ഹെഡ്മിസ്ട്രസ്സ് ഷാന്റി വി.കെ സ്വാഗതവും സ്റ്റാഫ് പ്രതിനിധി സജി മാത്യു നന്ദിയും അര്‍പ്പിച്ചു.

summary: students of Chembanoda St. Joseph high school organized rally to create awareness against drug addiction