ട്രോഫികളും മെഡലുകളുമായി ആവേശപൂർവ്വം അണിനിരന്ന് വിദ്യാർത്ഥികൾ; കലോത്സവ വിജയങ്ങൾ ആഘോഷമാക്കി മേമുണ്ട സ്കൂൾ
വടകര: വിവിധ കലോത്സവങ്ങളിലെ വിജയങ്ങൾ ആഘോഷമാക്കി മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ. തോടന്നൂർ സബ്ജില്ല കലാകിരീടം, ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സര വിജയം, സംസ്ഥാന ശാസ്ത്രോത്സവ വിജയം എന്നിവ ആഘോഷമാക്കി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് വിജയദിനമായി ആഘോഷിച്ചു. മേമുണ്ട ടൗണിൽ നടന്ന ഘോഷയാത്രയിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും മാലയിട്ട് സ്വീകരിച്ചു.
തോടന്നൂർ സബ്ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടി മേമുണ്ട സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. ജനറൽ യു.പി വിഭാഗം, ഹയർസെക്കണ്ടറി വിഭാഗം, ഹൈസ്ക്കൂൾ സംസ്കൃതോത്സവം എന്നിവയിലും ഓവറോൾ കരസ്ഥമാക്കി. യു പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 82 ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടി മേമുണ്ടയിലെ പ്രതിഭകൾ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നത്.
ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകം “തല” മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നാടകത്തിലെ ഫിദൽ ഗൗതം ദക്ഷിണേന്ത്യയിലെ മികച്ച നടനായും, എസ്.ആർ ലാമിയയെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലും മികച്ച വിജയമാണ് മേമുണ്ട കരസ്ഥമാക്കിയത്. പന്ത്രണ്ട് ഇനങ്ങളിലായി 62 പോയിൻ്റാണ് മേമുണ്ട സ്കൂൾ സംസ്ഥാന ശാസ്ത്രോത്സവത്തിൽ കോഴിക്കോട് ജില്ലക്ക് വേണ്ടി നേടിയത്. ഗണിതശാസ്ത്ര മേളയിലെ പ്രവർത്തന മാതൃകയിൽ ദേവാനന്ദ് ഒന്നാം സ്ഥാനം എ ഗ്രേഡ് നേടി. മേമുണ്ട സ്കൂൾ ഗണിത അധ്യാപകൻ കെ സന്തോഷ് ടീച്ചിംഗ് എയ്ഡ് മത്സരത്തിലും ഒന്നാം സ്ഥാനം നേടി. 11 എ ഗ്രേഡ്, ഒരു ഒന്നാം സ്ഥാനം, ഒരു രണ്ടാം സ്ഥാനം, ഒരു മൂന്നാം സ്ഥാനം എന്നിങ്ങനെ നേടിയാണ് മേമുണ്ട സ്കൂൾ സംസ്ഥാന ശാസ്ത്രോത്സവത്തിൽ 62 പോയിൻ്റ് കരസ്ഥമാക്കിയത്.
ഘോഷയാത്രക്ക് ശേഷം പിടിഎ, മാനേജ്മെൻ്റ് നേതൃത്വത്തിൽ സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. അനുമോദന ചടങ്ങ് സ്കൂൾ മാനേജർ എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.സിമി അധ്യക്ഷത വഹിച്ചു. എൻ.പി പ്രകാശൻ മാസ്റ്റർ, പ്രിൻസിപ്പാൾ ബി.ബീന, സി.വി.കുഞ്ഞമ്മദ്, റഹീം മാസ്റ്റർ, ടി.പി.രജുലാൽ, പി.പി.മുരളി മാസ്റ്റർ, ഇ.എം.മനോജ് കുമാർ, അരുൺ രാജ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.കെ ജിതേഷ് സ്വാഗതവും, ബിതുൻബാബു നന്ദിയും പറഞ്ഞു.
Summary: Students lined up enthusiastically with trophies and medals; Memunda School celebrates the success of the arts festival