മഞ്ഞപ്പിത്തം പടരുന്നു; ചങ്ങരോത്ത് പഞ്ചായത്തില്‍ പത്ത് ദിവസം ആഘോഷ പരിപാടികള്‍ക്ക് വിലക്ക്‌, പാലേരിയില്‍ കടകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ എല്ലാ പൊതു ആഘോഷപരിപാടികളും പത്തു ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനം. പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ഇന്നലെ പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

മാത്രമല്ല മഞ്ഞപ്പിത്തം തടയാൻ വാർഡുതലത്തിൽ ആർ.ആർ.ടി യോഗം ചേർന്ന് ആവശ്യമായ ഇടപെടൽ നടത്താനും, പാലേരി മേഖലയിലെ കടകളിൽ സിപ്പപ്പ്, പാനീയങ്ങൾ എന്നിവയ്ക്ക് താത്‌കാലിക നിയന്ത്രണമേർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഒപ്പം കടകളിൽ ആരോഗ്യവിഭാഗം തുടർ പരിശോധന നടത്തും. പഞ്ചായത്തിലെ എല്ലാ വീടുകളിലും കിണറുകൾ ക്ലോറിനേഷൻ നടത്താനും ബോധവത്കരണത്തിന് മൈക്ക് പ്രചാരണം നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌.

ഇന്നലെ നടത്തിയ പരിശോധനയോടെ സ്‌ക്കൂളിലെ തൊണ്ണൂറ്റിയൊന്ന്‌ വിദ്യാര്‍ത്ഥികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളില്‍ വിശ്രമത്തിലാണ്‌. ഹയര്‍സെക്കന്റി വിഭാഗത്തിലെ കുട്ടികള്‍ക്കാണ് കൂടുതലായി രോഗം ബാധിച്ചിരിക്കുന്നത്. രോഗത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്‌ക്കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് സ്‌ക്കൂളിന് സമീപത്തെ വീടുകളിലും കടകളിലും ചങ്ങരോത്ത് പഞ്ചായത്ത് ആരോഗ്യവിഭാഗവും, ജില്ലാ മെഡിക്കല്‍ സംഘവും പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ മുന്‍കരുതലിന്റെ ഭാഗമായി സ്‌ക്കൂളിന് സമീപത്ത്‌ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ചില വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എം. അരവിന്ദാക്ഷൻ, പഞ്ചായത്തംഗം ഇ.ടി സരീഷ്, മെഡിക്കൽ ഓഫീസർ ഡോ. ഇ.വി ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ എ.ടി പ്രമീള, കെ.വി കുഞ്ഞിക്കണ്ണൻ, എസ്.പി കുഞ്ഞമ്മദ്, കെ.വി രാഘവൻ, ഒ.ടി. രാജൻ, പി.സി സതീഷ്, പി.എസ് പ്രവീൺ, ശ്രീനി മനത്തനത്ത്, വി.പി ഇബ്രാഹീം, എ.പി അബ്ദുറഹ്‌മാൻ, അസീസ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.

Description: Students get jaundice; Panchayat with strict control