ഉല്ലാസത്തോടൊപ്പം പ്രകൃതിപഠനവും; ആവളയില്‍ ‘നീര്‍ത്തടം കാണാം, നീന്തിത്തുടിക്കാം’ പരിപാടി സംഘടിപ്പിച്ചു
ചെറുവണ്ണൂര്‍: അവധിക്കാലം ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി ഗ്രന്ഥാലയം ബാലവേദി. വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് മതിവരുവോളം നീന്തിത്തുടിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് മഠത്തില്‍മുക്കിലെ ആവള ടി. ഗ്രന്ഥാലയം ബാലവേദി.
പ്രദേശത്തെ കാരയില്‍നട ഭാഗത്താണ് കുട്ടികള്‍ക്ക് നീന്താന്‍ അവസരമൊരുക്കിയത്. ജില്ലയുടെ നെല്ലറയെന്നറിയപ്പെടുന്ന ആവളപ്പാണ്ടിയെ അടുത്തറിയാനും കുട്ടികള്‍ക്ക് അവസരമൊരുക്കിയിരുന്നു. വേനലവധിക്കാലം ഉല്ലാസത്തോടൊപ്പം പ്രകൃതിപഠനത്തിനും ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘നീര്‍ത്തടം കാണാം നീന്തിത്തുടിക്കാം’ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ രക്ഷിതാക്കളും പങ്കാളികളായി.
ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് കണ്‍വീനര്‍ ഇബ്രാഹിം കൊയിലോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. നേഹ, ദീപ് ദേവ്, എ.എം രാജന്‍, സി.കെ ശ്രീധരന്‍, കെ.കെ ചന്ദ്രന്‍, പി.എം ദിനേശന്‍, കെ.കെ സത്യന്‍, കെ സിന്ധു, കെ.എം ഷീബ, ഗിരിജ ചോല എന്നിവര്‍ നേതൃത്വം നല്‍കി.