മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് ബാലുശ്ശേരിയിലെ ഒമ്പതാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് തള്ളി പുറത്താക്കി; സ്‌കൂളിലെ കാന്റീന്‍ ജീവനക്കാരനെതിരെ പരാതി
ബാലുശ്ശേരി: മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് കാന്റീന്‍ ജീവനക്കാരന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. ബാലുശ്ശേരി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
സ്‌കൂളിനകത്തെ കാന്റീനിലെ ജീവനക്കാരന്‍ സജിയ്‌ക്കെതിരെയാണ് പരാതി. മറ്റുവിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കി കള്ളന്‍ കള്ളന്‍ എന്നു പറഞ്ഞ് തന്നെ മര്‍ദ്ദിച്ചെന്നാണ് കുട്ടി പറയുന്നത്. മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് കള്ളനായി ചിത്രീകരിച്ചതില്‍ വിഷമമുണ്ടെന്നും താന്‍ ചെയ്തിട്ടില്ലെന്നും കുട്ടി പറയുന്നു.
സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിദ്യാര്‍ഥിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ ബാലുശ്ശേരി പോലീസ് ഐപിസി 341, 323 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
പരാതിയില്‍ പറയുന്നത്: ചൊവ്വാഴ്ച രാവിലെ ഇന്റര്‍വെല്‍ സമയത്ത് രണ്ട് രൂപയുടെ മിഠായി വാങ്ങിക്കാനാണ് വിദ്യാര്‍ഥി കാന്റീനില്‍ എത്തിയത്. നല്ല തിരക്കായത് കൊണ്ട് കുട്ടി കാന്റീനിലെ റാക്കിന്റേയും ചുമരിന്റേയും ഇടയില്‍ കുടുങ്ങി, അതിനുള്ളില്‍ നിന്ന് തിരിച്ച് ഇറങ്ങിയപ്പോള്‍ കള്ളന്‍ കള്ളന്‍ എന്ന് പറഞ്ഞ് കാന്റീന്‍ ജീവനക്കാരന്‍ കയ്യില്‍ കയറി പിടിക്കുകയായിരുന്നു.
പിന്നീട് ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് തളളി പുറത്തിറക്കി. അതുകഴിഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ച് രണ്ടാം നിലയിലെ പ്രധാനാധ്യപകന്റെ മുറിക്ക് മുന്നില്‍ എത്തിക്കുകയും മറ്റൊരു അധ്യാപകനെ ഏല്‍പ്പിക്കുകയും ചെയ്തു.
കഴുത്തിന് പരിക്കേറ്റ കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി.