‘ഞാന്‍ തന്നെയാണ് പരിഹാരം’; സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പിന് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി


പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2023 വര്‍ഷത്തെ നാല് ദിവസത്തെ സ്‌കൂള്‍ തല സമ്മര്‍ ക്യാമ്പിന് തുടക്കമായി. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന ക്യാമ്പ് ‘അയാം ദ സൊല്യൂഷന്‍’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പേരാമ്പ്ര സബ്ബ് ഡിവിഷണല്‍ ഡി.വൈ.എസ്.പി കുഞ്ഞുമോയിന്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വഹീദ പാറേമ്മല്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ ലെവല്‍ സമ്മര്‍ ക്യാമ്പിന് വേണ്ടി എസ്.പി.സി നേതൃത്വം വഹിക്കുന്ന ‘ഞാനാണ് പരിഹാരം’ ക്യാമ്പിന്റെ പ്രധാന പ്രമേയം സുസ്ഥിരമായ ഉപഭോഗം അതോടൊപ്പം ആരോഗ്യമുള്ള മനസ്സില്‍ ആരോഗ്യമുള്ള ശരീരം കെട്ടിപ്പടുക്കാം എന്നതാണ്.

നാല് ദിവസങ്ങളിലായി, 10 സെഷനുകളും, 14 ആക്ടിവിറ്റികളുമാണ് ക്യാമ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ‘അഷ്ടമാര്‍ഗ’ അധിഷ്ഠിതമായാണ് ഓരോ ദിവസത്തെയും വിഷയം ക്രമപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് സുസ്ഥിര ഉപഭോഗം.

ഊര്‍ജ്ജ സംരക്ഷണം, ഭക്ഷ്യ സംരക്ഷണം, പുനരുപയോഗവും നന്നാക്കലും, വിഭവങ്ങള്‍ സസംരക്ഷിക്കുക, പച്ചപ്പ് നിലനിര്‍ത്തുക, സുരക്ഷിത ഉര്‍ജ്ജം, ചിന്തിച്ച് ചെലവഴിക്കുക, വാചാലരാവുക തുടങ്ങിയവയാണ് എട്ടു സ്ട്രാറ്റജികള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചടങ്ങില്‍ പ്രധാനാധ്യാപകന്‍ വി അനില്‍, അഡീഷനല്‍ നോഡല്‍ ഓഫീസര്‍ വി യൂസഫ്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, പി.കെ രവിത, ഡ്രില്‍ ഇന്‍സ്ട്രക്റ്റര്‍മാരായ ടി.കെ റിയാസ്, കെ.സി സുനിത, ശിവദാസന്‍, അഷികുമാര്‍ എ, ബിജു വാഴയില്‍, എ.കെ സന്തോഷ്‌കുമാര്‍, സജിനി പി.പി, കമ്പനി കമാന്‍ഡര്‍ അന്‍ഷിത് രാജ്, എ.സി.പി ഒ ഷിജു ബാബു എന്നിവര്‍ സംസാരിച്ചു.