മേപ്പയൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയെ കണക്ക് അധ്യാപകന്‍ മര്‍ദിച്ചതായി പരാതി; തോളെല്ലിന് പരിക്ക്‌


മേപ്പയൂര്‍: ക്ലാസ് എടുക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി. മേപ്പയൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അലന്‍ ഷൈജുവിനാണ് പരിക്കേറ്റത്. കുട്ടിയുടെ വലത് കൈയിലെ തോളെല്ലിനാണ് പരിക്ക്.

ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടെ കുട്ടി തൊട്ടടുത്തിരുന്ന കുട്ടിയുമായി സംസാരിച്ചതിനെ തുടര്‍ന്ന് കണക്ക് അധ്യാപകന്‍ അനീഷ് അടിക്കുകയായിരുന്നുവെന്ന് അലന്റെ പിതാവ് ഷൈജു വടകര ഡോട് ന്യൂസിനോട് പറഞ്ഞു. കൈ കൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്തു. ഇടവേളയ്ക്ക് ബാത്ത്‌റൂമില്‍ പോയ അലന്‍ അധ്യാപകന്‍ അടിച്ച ഭാഗം സുഹൃത്തുകള്‍ക്ക് കാണിച്ചു കൊടുത്തു. തോളെല്ലിന് സമീപത്തായി അധ്യാപകന്‍ അടിച്ചതിന്റെ പാട് കണ്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ക്ലാസ് അധ്യാപികയെ വിവരം അറിയിച്ചു. അധ്യാപിക വന്ന് പരിശോധിച്ചപ്പോള്‍ അടി കിട്ടിയ പാട് കാണുകയും വിവരം പ്രധാനാധ്യാപകനെ അറിയിക്കുകയുമായിരുന്നുവെന്ന് ഷൈജു പറഞ്ഞു.

തുടര്‍ന്ന് പ്രധാനാധ്യാപകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ഏതാണ്ട് 3മണിയോടെ വിവരം തന്നെ വിളിച്ച് പറഞ്ഞു. ശേഷം കുട്ടിയെ വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് തോളെല്ലിന് ചതവ് ഉള്ളതായി കണ്ടെത്തിയതെന്ന്‌ ഷൈജു പറഞ്ഞു. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ അധ്യാപകനെതിരെ മേപ്പയൂര്‍ പോലീസ് കേസെടുത്തു.

Description: Student of Mepppayur High School beaten up by maths teacher; Shoulder injury