വാഹന പരിശോധനയിൽ കുടുങ്ങി; വയനാട്ടിൽ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ന്യൂജനറേഷൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂര്‍, ഒളവണ്ണ റഹ്‌മാന്‍ ബസാര്‍ സ്വദേശികളായ തൊണ്ടിയില്‍ വീട്ടില്‍ സി.അര്‍ഷാദ് (23), ഗോള്‍ഡന്‍ വീട്ടില്‍ കെ.മുഹമ്മദ് ഷെഹന്‍ഷാ (24) എന്നിവരാണ് പിടിയിലായത്.
1.85 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും കണ്ടെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലായത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊലീസ് ജില്ലയിലുട നീളം സംഘടിപ്പിച്ചു വരുന്ന മയക്കുമരുന്ന് കടത്തുകാരെ കണ്ടെത്താനുള്ള പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എല്‍ 10 എ.സെഡ് 3991 നമ്ബര്‍ കാറിലെ യാത്രക്കാരായിരുന്നു ഇരുവരും. വാഹന പരിശോധനക്കിടെ പരുങ്ങിയ യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് ഇവരില്‍ നിന്നും മയക്കുമകുന്ന് കണ്ടെത്തിയത്.
ഇതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ലഹരിക്കടത്തും വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
Summary: Stuck in vehicle inspection; Two youth from Kozhikode arrested with MDMA drug in Wayanad