മാലിന്യകൂമ്പാരത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലത്തിലൂടെയാണ് കച്ചവടക്കാരും ചുമട്ട് തൊഴിലാളികളും നടന്നു പോകുന്നത്; പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി


പേരാമ്പ്ര: പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്ര പഴയ മാര്‍ക്കറ്റ് എന്നും പഴയ മാര്‍ക്കറ്റാണെന്നും മലയോര മേഖലയില്‍ നിന്നു പോലും ആളുകള്‍ കച്ചവടത്തിനെത്തുന്ന പ്രധാന ഇടമാണിതെന്നും എന്നാല്‍ പഴയ കാലത്തിന്റെ ഓര്‍മകളുള്ള പൊത്താറായ കെട്ടിടങ്ങളും മാലിന്യകൂമ്പാരങ്ങളുമായാണ് പേരാമ്പ്ര മാര്‍ക്കറ്റ് നിലകൊള്ളുന്നതന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മഴക്കാലം കുടി ആയതോടെ മാലിന്യകൂമ്പാരത്തില്‍ നിന്നും പുറത്തെയ്ക്ക് ഒഴുകുന്ന വെള്ളത്തിലൂടെയാണ് കച്ചവടക്കാരും ചുമട്ട് തെഴിലാളികളും സാധനം വാങ്ങാനെത്തുന്നവരും യാത്ര ചെയ്യുന്നത്.

അശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടതും ഈ പരിസരത്ത് പച്ചക്കറി സാധനങ്ങളും മറ്റും വില്‍പ്പന നടത്തുന്നതും പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുമെന്നും എസ്ടിയു ഭാരവാഹികള്‍ പറഞ്ഞു.

ഇന്നര്‍ മാര്‍ക്കറ്റിനകത്ത് മലിനജലം കെട്ടി നില്‍കുന്ന അവസ്ഥ ഇല്ലാതാക്കി ടൈല്‍ പതിച്ച് വൃത്തിയുള്ളതാക്കി മാറ്റണമെന്നുമാണ് എസ്ടിയു നേതാക്കളുടെ ആവശ്യം.

എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. റഹീം, ജനറല്‍ സെക്രട്ടറി അസീസ് കുന്നത്, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂര്‍, ട്രഷറര്‍ മുജീബ് കോമത്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.