‘തുറയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും ഗതാഗത യോഗ്യമാക്കണം’; എസ്.ടി.യു. കണ്‍വെന്‍ഷന്‍
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് എസ്.ടി.യു പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ അധികൃതരോടാവശ്യപ്പെട്ടു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പ്രവൃത്തി ആരംഭിച്ച തുറയൂര്‍-കീഴരിയൂര്‍ ബണ്ട് റോഡ് എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
റോഡ് നവീകരണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് എസ്.ടി.യു നേതൃത്വം നല്‍കുമെന്ന് കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ഓട്ടോ തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൂചന പണിമുടക്കില്‍ പങ്കെടുത്ത എസ്.ടി.യു നേതാക്കളെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയ സി.ഐ.ടി.യു, സി.പി.എം നിലപാടില്‍ കണ്‍വെന്‍ഷന്‍ ശക്തമായി പ്രതിഷേധിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജന.സെക്രട്ടറി സി.കെ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. തെനങ്കാലില്‍ അബ്ദുറഹിമാന്‍ അധ്യക്ഷനായി. എസ്.ടി.യു മണ്ഡലം പ്രസിഡന്റ് പി .കെ റഹിം, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, ടി റസാഖ്, കെ.വി മുനീര്‍, പി ടി.കെ ബഷീര്‍, കെ.കുഞ്ഞിരാമന്‍, എ.കെ.അഷറഫ്, എസ്.കെ.റാസിഖ് എന്നിവര്‍ സംസാരിച്ചു.