കാട്ടുപന്നി അക്രമണത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍, ഒടുവില്‍ ആശ്വാസം; ആയഞ്ചേരിയില്‍ കാട്ടുപന്നികളെ വെടിവച്ചു കൊന്നു


ആയഞ്ചേരി: ആയഞ്ചേരിയില്‍ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നാട്ടുകാർക്കും കാർഷിക മേഖലയ്ക്കും ഭീഷണിയായി മാറിയ കാട്ടുപന്നികളെയാണ്‌ 33 അംഗ ദൗത്യസംഘവും വേട്ട നായ്ക്കളുമെത്തി വെടിവെച്ച് കൊന്നത്‌.

മംഗലാട് നിന്ന് ആരംഭിച്ച് 17ാം വാർഡിലെ മണലേരി മലവരെ ദൗത്യസംഘം യാത്ര ചെയ്തു. മംഗലാട്ട് നിന്ന് ഒന്നിനെയും മിടിയേരിയിൽ നിന്ന് രണ്ടും മണലേരിമലയിൽ നിന്ന് ഏകദേശം 100 കിലോ ഭാരമുള്ള പന്നിയെയും വെടിവച്ചുകൊന്ന് കുഴിച്ചുമൂടി. മൂന്ന് വലിയ പന്നികൾ വെടിയേറ്റ് കുതറിയോടി. ഇവിടങ്ങളിലെക്കെ ധാരാളം പന്നികളുണ്ടെന്ന് ദൗത്യസംഘവും നാട്ടുകാരും പറഞ്ഞു. ആവശ്യമെങ്കിൽ രാത്രികാലങ്ങളിലെ വേട്ടയെ കുറിച്ചും ആലോചിക്കുമെന്ന് പ്രസിഡണ്ട് എൻ.അബ്ദുൾ ഹമീദ് പറഞ്ഞു.

സ്ഥല പരിചയക്കുറവും ഇടതൂർന്ന കാടും വലിയ വെല്ലുവിളിയായിരുന്നു. അതൊക്ക മറികടന്നാണ്‌ കിഫ ഷൂട്ടേഴ്സ് സംഘം പ്രവർത്തിച്ചത്. രാവിടെ 8.30 ആരംഭിച്ച ദൗത്യം വൈകുന്നേരം 7 മണി വരെ തുടർന്നു.

വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വെള്ളിലാട്ട് അഷറഫ്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം ലതിക, മെമ്പർമാരായ കാട്ടിൽ മൊയ്തു മാസ്റ്റർ, രാവിലെ മുതൽ ഒടുക്കം വരെ ദൗത്യ സംഘത്തോടൊപ്പം പ്രവർത്തിച്ച മെമ്പർമാരായ എ.സുരേന്ദ്രൻ, രവീന്ദ്രൻ, ടി സജിത്ത്, സുധാ സുരേഷ്, സെക്രട്ടറി കെ.സീതള, ക്ലാർക്ക്മാരായ അജീഷ്, സാലി കീഴൽ തുടങ്ങിയവരെ കർഷകരും നാട്ടുകാരും അഭിനന്ദിച്ചു.