ശക്തമായ കാറ്റും മഴയും; പതിയാരക്കരയിൽ മരം വീണ് വീട് ഭാ​ഗീകമായി തകർന്നു


പതിയാരക്കര: ശക്തമായ കാറ്റും മഴയിലും പതിയാരക്കരയിൽ മരം വീണ് വീട് ഭാ​ഗീകമായി തകർന്നു. ഒതയോത്ത് സുബൈറിന്റെ വീട്ടിനു മുകളിലേക്കാണ് സമീപത്തെ പറമ്പിലുണ്ടായിരുന്ന തേക്ക് വീണത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

ഓടിട്ട ഇരുനില വീടിന്റെ അടുക്കള ഭാ​ഗത്തേക്കാണ് മരം വീണത്. അടുക്കള ഭാ​ഗം പൂർണമായും തകർന്നു. ഈ സമയത്ത് സുബൈറും ഭാര്യയും മക്കളും വീടിന്റെ മുൻവശത്തായിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് വാർഡം​ഗം ഷൈജു പള്ളിമ്പറത്ത് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

സമീപത്തെ പറമ്പിൽ വീട്ടിന് മുകളിലേക്ക് വീഴാനായി നിൽക്കുന്ന ഇനിയും മരങ്ങളുണ്ട്. അപകട ഭീഷണിയുള്ളതിനാൽ കുടുംബത്തെ മാറ്റി പാർപ്പിക്കാനൊരുങ്ങുകയാണെന്നും വാർഡം​ഗം പറഞ്ഞു.