ശക്തമായ കാറ്റും മഴയും ; കണ്ണൂക്കര മാടാക്കരയിൽ വീട് ഭാഗികമായി ഇടിഞ്ഞ് വീണു
കണ്ണൂക്കര: ശക്തമായ കാറ്റിലും മഴയിലും മാടാക്കരയിൽ വീട് ഭാഗികമായി ഇടിഞ്ഞ് വീണു. മാടാക്കര തിരുവാണി ക്ഷേത്രത്തിന് സമീപം സതീശൻ റീത്ത ദമ്പതികളുടെ വീടാണ് ഇടിഞ്ഞ് വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രാത്രി ശക്തമായ മഴയുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഓലമേഞ്ഞ വീടിന്റെ ഒരു ഭാഗമാണ് പൂർണമായും ഇടിഞ്ഞ് വീണത്.
അപകട സമയം സതീശൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിന്റെ ചുമരിൽ വിള്ളലുണ്ടായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സതീശൻ മുറി മാറി കിടന്നതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് വാർഡംഗം പ്രമീള വടകര ഡോട് ന്യൂസിനോട് പറഞ്ഞു. വീടിന്റെ മേൽക്കൂര സമീപത്തെ വീട്ടിന് മുകളിലേക്കാണ് പതിച്ചത്. തുടർന്ന് ആ വീടിന്റെ ജനൽ വാതിൽ തകർന്നു.സമീപത്തെ കുടിവെള്ള പൈപ്പും ചുമർ കട്ടകൾ വീണ് തകർന്നിട്ടുണ്ട്.
തഹൽസിദാറുടെ നിർദേശത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി . സതീശൻ , റീത്ത എന്നിവരോട് സുനാമി ക്വാട്ടേഴ്സിലേക്ക് മാറി താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് വാർഡംഗം പറഞ്ഞു.