മഴക്കാലമായാല്‍ റോഡരികിലെ മരങ്ങളും റോഡ് തന്നെയും ജനങ്ങള്‍ക്ക് ഭീഷണിയാവും; അപകടസ്ഥിതിയിലായ കടിയങ്ങാട്-പൂഴിത്തോട് റോഡിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി ഓഫീസില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം
പേരാമ്പ്ര: പാതിവഴിയിലായ കടിയങ്ങാട് – പൂഴിത്തോട് റോഡിന്റെ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി പി.ഡബ്ല്യു.ഡി ഓഫീസില്‍ കുത്തിയിരിപ്പ് സമരവുമായി പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും. റോഡ് നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിവെച്ചത് അപകടകരമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും മഴക്കാലമാകുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
19.5 കോടി രൂപ ഉപയോഗിച്ചാണ് റോഡിന്റെ പ്രവൃത്തി നടത്തുന്നത്. ആദ്യഘട്ടത്തില്‍ വളരെ ദ്രുതഗതിയില്‍ നടന്ന പ്രവൃത്തി ഇപ്പോള്‍ ഏതാണ്ട് നിര്‍ത്തിവെച്ച മട്ടാണ്. മിക്ക ഭാഗങ്ങളിലും റോഡിന്റെ ഇരുഭാഗത്തും ഡ്രെയ്‌നേജ് നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനുവേണ്ടി റോഡരികിലെ മരങ്ങള്‍ക്ക് അടിയില്‍ നിന്നും മണ്ണ് മാറ്റിയിരുന്നു. കൂടാതെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായും റോഡരികില്‍ നിന്ന് മണ്ണ് നീക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മഴക്കാലത്തിന് മുമ്പ് റോഡരികിലുള്ള മരങ്ങള്‍ മുറിച്ചുനീക്കിയില്ലെങ്കില്‍ അപകടങ്ങള്‍ സംഭവിക്കാനിടയുണ്ടെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു.
ഡ്രെയ്‌നേജിനേക്കാള്‍ താഴ്ന്നിട്ടാണ് ഇപ്പോഴുള്ള റോഡുള്ളത്. അതിനാല്‍ മഴ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയേറെയാണ്. ഇന്നലെ ചെറിയ തോതിലുള്ള മഴ പെയ്തപ്പോള്‍ തന്നെ മഹിമ റോഡില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. പന്തിരിക്കര അങ്ങാടിയില്‍ രണ്ടിടത്ത് വലിയ കുഴികള്‍ ഉണ്ട്. ഇതില്‍ വെള്ളം നില്‍ക്കുന്നതും അപകട സാഹചര്യമാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.