”മരണംവരെ നിരാഹാരസമരം”; തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയർത്തി നവംബർ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം


തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയർത്തി അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും തിക്കോടി ടൗണിലെ വാർഡ് മെമ്പറുമായ ആർ.വിശ്വൻ, തിക്കോടി വെസ്റ്റിലെ വാർഡ് മെമ്പർ വി.കെ.അബ്ദുൽ മജീദ്, അടിപ്പാത ആക്ഷൻ കമ്മിറ്റി കൺവീനർ കെ.വി.സുരേഷ് എന്നിവരാണ് നിരാഹാര സമരം നടത്തുക.

നവംബർ 25 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് തിക്കോടിയിലെ സമരപ്പന്തലിൽ നിരാഹാരം ആരംഭിക്കും. മരണംവരെ അനിശ്ചിതകാല നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അടിപ്പാത ആക്ഷൻ കമ്മിറ്റി അറിയിച്ചു. തിക്കോടിയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്. ഇതിനെതിരെ വലിയ തോതിലുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ഇതിനകം ഉയർന്നുവന്നിരുന്നു. നിലവിൽ മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും നിവേദനം നൽകുകയും അവർ നൽകിയ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയുമാണ് നാട്ടുകാർ.

നിലവിൽ അടിപ്പാത ഇല്ലാത്തതു കാരണം ഏറെ ബുദ്ധിമുട്ടിയാണ് തിക്കോടിയിലുള്ളവർ റോഡിനപ്പുറത്തേക്കും ഇപ്പുറത്തേക്കും സഞ്ചരിക്കുന്നത്. സർവ്വീസ് റോഡിൽ നിന്നും കൂട്ടിയിട്ട മണൽചാക്കുകൾ വഴി ദേശീയപാതയ്ക്ക് മുകളിൽ കയറിയും ഇറങ്ങിയുമൊക്കെയാണ് പ്രായമായവരടക്കും യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കി മുന്നോട്ടുവരുന്നത്.