‘മികച്ച സിവിൽ സർവീസിനായുള്ള പോരാട്ടം തുടരും’; വടകരയിൽ അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ പണിമുടക്ക് ധർണ്ണ


വടകര: മികച്ച സിവിൽ സർവീസിനായുള്ള പോരാട്ടം തുടരുമെന്ന് അധ്യാപക സർവീസ് സംഘടനയുടെ ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.റാം മനോഹർ. അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പണിമുടക്ക് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കേണ്ടത് മികച്ച സിവിൽ സർവ്വീസ് നിലനിൽക്കാൻ അനിവാര്യമാണെന്നും ,പങ്കാളിത്തപെൻഷൻ വിഹിതം ജീവനക്കാരിൽ നിന്നും ഇടാക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന സർക്കാർ തീരുമാനം നടപ്പിലാക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് അധ്യാപകരും സംസ്ഥാനസർക്കാർ ജീവനക്കാരും നടത്തിയ സൂചനപണിമുടക്കുസമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.കെ.എസ്.ടി.യു ജില്ലാ ജോയിൻറ് സെക്രട്ടറി പി.അനീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ കെ.ജി.ഒ.എഫ് മേഖല പ്രസിഡണ്ട് അതുൽ.വി അധ്യക്ഷ്യത വഹിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കെ.കെ.സുധാകരൻ മാസ്റ്റർ, വിജീഷ്.ടി.എം, എൽ.വി.ബാബു, കെ.അമൃതരാജ്, പി.പി.ഹരിദാസൻ, കെ. ഷനോജ്, പി.കെ.രമ എന്നിവർ സംസാരിച്ചു.

Summary: Strike dharna of teacher service organization in Vadakara