അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സ് ഡ്രൈവർക്കും ഉടമക്കുമെതിരെ കർശന നടപടി സ്വീകരിക്കണം, ആർടിഒയ്ക്ക് പരാതി നൽകി പഞ്ചായത്തംഗം
അഴിയൂർ: അഴിയൂരിൽ വിദ്യാർത്ഥി സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് മരണപ്പെട്ട സംഭവത്തിൽ ബസ്സ് ഡ്രൈവർക്കും ഉടമക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സാലിം പുനത്തിൽ ആർടിഒ ക്ക് പരാതി നൽകി. സ്കൂളിന് സമീപത്തെ ദേശീയപാതയിൽ അമിത വേഗതയിൽ എത്തിയ ബസ്സിടിച്ച് വിദ്യാർത്ഥി മരണപ്പെട്ട സംഭവം അതീവ ഗൗരവതരമാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും ബസ്സിൻ്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാത്തത് സമാന സംഭവങ്ങൾ ആവർത്തിക്കാൻ സഹായകരമാവുന്ന നടപടിയാണെന്നും പരാതിയിൽ പറയുന്നു.
വിദ്യാർത്ഥി വെൻ്റിലേറ്ററിൽ കഴിയുന്ന സമയത്ത് അപകടം വരുത്തിയ ബസ്സ് പോലിസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ ശ്രമിച്ചത് മനുഷ്യത്വ രഹിതമാണെന്നും പരാതയിൽ പറയുന്നു.. സ്കൂളുകൾക്ക് സമീപത്തെ സീബ്ര ലൈനുകൾ പുനസ്ഥാപിക്കണമെന്നും ഇരുഭാഗത്തും സ്കൂൾ സോൺ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്നും സാലിം പുനത്തിൽ ആവശ്യപ്പെട്ടു. പരാതിയുടെ പകർപ്പുകൾ മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, വടകര റൂറൽ എസ്പി എന്നിവർക്കും സമർപ്പിച്ചിട്ടുണ്ട്.
Description: Strict action should be taken against bus driver and owner, panchayat member lodged a complaint with RTO