അഴിയൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം; ഭീതിയോടെ നാട്ടുകാർ, വടിയുമായി പുറത്തിറങ്ങേണ്ട അവസ്ഥയെന്ന് വാർഡ​ഗം ഫിറോസ് കാളാണ്ടി


അഴിയൂർ: അഴിയൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഭീതിയോടെണ് ഇവിടെ ആളുകൾ വീടിന് പുറത്തേക്കിറങ്ങുന്നത്.
പുലർച്ചെ മദ്രസകളിലേക്കും ട്യൂഷനും മറ്റും പോകുന്ന കുട്ടികളെ രക്ഷിതാക്കൾ കൊണ്ടുവിടേണ്ട അവസ്ഥയാണ്.

കൈയ്യിൽ വടി കരുതാതെ വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയില്ല. രാത്രികാലങ്ങളിൽ ഇരുചക്ര വാഹന യാത്രികരുടെ പിറകെ നായകൾ കൂട്ടമായി അക്രമിക്കാൻ ഓടുന്നുണ്ടെന്നും തലനാരിഴയ്ക്കാണ് പലരും നായകളുടെ അക്രമങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നും അഴിയൂർ പഞ്ചായത്ത് വാർഡ് അം​ഗം ഫിറോസ് കാളാണ്ടി വടകര ഡോ‍ട്ട് ന്യൂസിനോട് പറഞ്ഞു.

അഴിയൂർ കരിവയലിലെ അനിൽ കുമാറും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും തെരുവ് നായ കൂട്ടത്തിന്റെ മുൻപിൽ പെട്ടിരുന്നു. ഭാ​ഗ്യം കൊണ്ടാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹെൽത്ത് ഇൻസ്പക്ടറെയും തെരുവ് നായകൾ അക്രമിക്കാൻ ശ്രമിച്ചു. കൈയ്യിലുണ്ടായിരുന്ന കുട വച്ചാണ് ഇദ്ദേഹം നായകളെ ഓടിച്ചു വിട്ടത്.

അഴിയുർ ചുങ്കം, ഷംസ് ഓഡിറ്റോറിയം പരിസരം, മാഹി റെയിൽവേ പരിസരം, മുക്കാളി ടൗൺ എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമാണ്. പഞ്ചായത്തിലെ തെരുവുനായ നായ ശല്യം തടയുന്നതിന് ഉത്തരവിറക്കാൻ കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണെന്ന്
വാർഡ​ഗം ഫിറോസ് കാളാണ്ടി വ്യക്തമാക്കി.