പശുക്കള്‍ക്കും ആടുകള്‍ക്കും കോഴികള്‍ക്കുമൊന്നും രക്ഷയില്ല; പാല് സൊസൈറ്റിയിലെത്തിക്കണമെങ്കില്‍ ഒരു കയ്യില്‍ വടികൂടി കരുതണം; കാട്ടുപന്നി ശല്യത്തിനൊപ്പം തെരുവുനായ ആക്രമണം കൂടിയായതോടെ പൊറുതിമുട്ടി പേരാമ്പ്രയിലെ മലയോര മേഖലയിലെ കര്‍ഷകര്‍


പേരാമ്പ്ര: തെരുവുനായ ശല്യം രൂക്ഷമായതോടെ പേരാമ്പ്രയുടെ മലയോര മേഖലയിലുള്ള ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാകുന്നു. കൃഷിയെയും കന്നുകാലികളെയും ആശ്രയിച്ചു ജീവിക്കുന്നവരെയാണ് തെരുവുനായ ശല്യം ഏറെ ബാധിക്കുന്നത്. റബ്ബര്‍ വെട്ടാനായും സൊസൈറ്റികളിലേക്ക് പാല്‍ കൊണ്ടുപോകാനും പലരും അതിരാവിലെ വീട്ടില്‍ നിന്ന് തിരിക്കുന്നത് ഭയത്തോടെയാണ്. പാല് വാങ്ങാനും സൊസൈറ്റികളിലെത്തിക്കാനും കുട്ടികളെ വിടാറുളള പതിവ് പലരും നിര്‍ത്തി.

വളര്‍ത്തുമൃഗങ്ങളെ നായകള്‍ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. അടുത്തിടെ ചക്കിട്ടപ്പാറ നരിനടയില്‍ പേപ്പട്ടി കടിച്ച രണ്ട് പശുക്കളെ കൊല്ലേണ്ടി വന്നിരുന്നു. നരിനട ഭാസ്‌കരന്‍മുക്കിലെ ചെറുവലത്ത് മീത്തല്‍ റാണിയുടെ പശുവിനെയടക്കമാണ് കൊന്നത്. റാണിയുടെ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു പശു.

പന്തിരിക്കരയില്‍ നിന്നും തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ചുകൊന്ന സംഭവവുമുണ്ട്. തെരുവ് നായ്ക്കള്‍ കടിച്ച്് ഗുരുതരമല്ലാത്ത അവസ്ഥയിലാണെങ്കില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ എടുക്കാറുണ്ട്. എന്നാല്‍ പശുവിനെയും മറ്റ് കടിച്ച് വാക്‌സിനെടുത്ത് ഏറെനാള്‍ കഴിഞ്ഞാലും ആ പശുവിന്റെ പാല്‍ ഉപയോഗിക്കാന്‍ ഭയമാണ്. ഇതും കര്‍ഷകരുടെ അതിജീവനത്തെയാണ് ബാധിക്കുന്നത്.

നായകളുടെ കൂട്ടത്തോടെയുള്ള ആക്രമണം ചെറുക്കാന്‍ ശേഷിയുള്ള കൂടുകളിലെ കോഴികള്‍ക്ക് മാത്രമേ രക്ഷയുള്ളൂവെന്ന സ്ഥിതിയുണ്ട് പലയിടത്തും. പകല്‍സമയത്തുപോലും കന്നുകാലികള്‍ ആക്രമിക്കപ്പെടുകയാണ്. പേരാമ്പ്രയുടെ പല മേഖലകളിലെ തെരുവുകള്‍ രാത്രിയായാല്‍ നായകളുടെ വിഹാര കേന്ദ്രമാകുന്ന കാഴ്ചയാണ്.

കാട്ടുപന്നികളുടെ ശല്യം കാരണം മലയോര മേഖലയിലെ കര്‍ഷകര്‍ നന്നേ പൊറുതിമുട്ടിയിരിക്കുകയാണ്. കാട്ടുപന്നികള്‍ക്കൊപ്പം തെരുവുനായകള്‍ കൂടി പെരുകിയതോടെ കൃഷി ചെയ്ത് ഉപജീവനം നടത്തുകയെന്നത് അങ്ങേയറ്റം അപകടം പിടിച്ച കാര്യമായി മാറിയിരിക്കുകയാണ്.