കോഴിക്കോട് ജില്ലയില്‍ ഇന്ന് തെരുവുനായ ആക്രമിച്ചത് മൂന്ന് കുട്ടികളെയടക്കം നാലുപേരെ; തെരുവുനായ പ്രശ്‌നം ഗുരുതരമാണെന്നും പരിഹരിക്കാന്‍ അടിയന്തര കര്‍മ്മപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി എം.ബി.രാജേഷ്


കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമായ സ്ഥിതിയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. തെരുവ് നായ ശല്യം പരിഹരിക്കാന്‍ അടിയന്തര കര്‍മ്മപദ്ധതി മുഖ്യമന്ത്രിയെ കണ്ട് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 152 ബ്ലോക്കുകളിലായി എബിസി സെന്റര്‍ സജ്ജമാക്കും. നിലവില്‍ ഇതില്‍ മുപ്പതെണ്ണം തയ്യാറായതായി മന്ത്രി പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ തെരുവുനായ പ്രശ്നം പരിഹരിക്കാനാണ് ഉദ്ദേശം.

സുപ്രീംകോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ അത് കൂടി പരിഗണിച്ചായിരിക്കും നടപടികളെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ മാത്രം മൂന്ന് കുട്ടികളടക്കം നാലുപേരെയാണ് ഇന്ന് തെരുവുനായ ആക്രമിച്ചത്. അരക്കിണറില്‍ പന്ത്രണ്ട് വയസുള്ള രണ്ട് കുട്ടികളെയും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച സാജുദ്ദീന്‍ എന്ന യുവാവിനെയും നായ ആക്രമിച്ചു. വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്.