വാഷ്ബേസിനിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം, യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു


കോഴിക്കോട്: കാക്കൂര്‍ കുമാരസാമയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. അക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു.

പുതിയാപ്പ സ്വദേശി ശരത്ത് (25), കടലൂര്‍ സ്വദേശി രവി എന്നിവരാണ് അക്രമണം നടത്തിയത്. ഇവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികള്‍ രണ്ട് പേരും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ മുഖം കഴുകാനായി പോയപ്പോഴായിരുന്നു രവി വാഷ്‌ബേസിനില്‍ മൂത്രമൊഴിച്ചത്.

ഇത് കണ്ടതോടെ ഹോട്ടല്‍ ജീവനക്കാരായ സഫ്‌റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവര്‍ ഇയാളെ തടഞ്ഞു. പിന്നാലെ പ്രകോപിതരായ പ്രതികള്‍ ഇരുവരെയും മര്‍ദ്ദിക്കുകയും ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു.