ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കൊയിലാണ്ടിയിൽ വോട്ടര്‍മാരുമായെത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്


തിരുവങ്ങൂര്‍: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ കൊണ്ടുപോകാന്‍ വേണ്ടി ഓര്‍ഡര്‍ വിളിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. തിരുവങ്ങൂര്‍ വെങ്ങളം ഭാഗത്ത് നിന്ന് ചേവായൂര്‍ സഹകരണ ബാങ്കിന് സമീപത്തേക്ക് പോകുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ നാല് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. നാല് വാഹനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പുലര്‍ച്ചെ 5.15നായിരുന്നു സംഭവം. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.

കൊയിലാണ്ടിയില്‍ നിന്നും മറ്റൊരു ഡ്രൈവറാണ് തങ്ങളെ ഓര്‍ഡര്‍ ഏല്‍പ്പിച്ചതെന്നും തിരുവങ്ങൂരെത്തിയപ്പോള്‍ വാഹനത്തിനുനേരെ ചിലര്‍ കല്ലെറിയുകയുമായിരുന്നെന്ന് കല്ലേറില്‍ കേടുപാട് പറ്റിയ സരയുവെന്ന ക്രൂയിസറിന്റെ ഡ്രൈവര്‍ ബിജു പറഞ്ഞു. കൊയിലാണ്ടി സ്റ്റാന്റില്‍ നിന്നും നാല് വാഹനങ്ങളാണ് പോയത്. 5.45 ഓടെ ചേവായൂര്‍ സഹകരണ ബാങ്കിന് സമീപത്ത് എത്താനാണ് ആവശ്യപ്പെട്ടത്. ബാങ്ക് തെരഞ്ഞെടുപ്പിനായി വോട്ടര്‍മാരെ എത്തിക്കാനാണ് വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചേവായൂര്‍ സര്‍വീസ് ബാങ്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ആയിരുന്നു ദീര്‍ഘകാലം ഭരിച്ചിരുന്നത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിന്റെ പ്രാദേശി നേതാവായിരുന്ന ബാങ്ക് പ്രസിഡണ്ട് വിമത പക്ഷത്തേക്ക് നീങ്ങിയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. വിമതപക്ഷം സി.പി.എം പിന്തുണയോടെയാണ് ഇപ്പോള്‍ മത്സരിക്കുന്നത്. ബാങ്ക് ഭരണം തിരിച്ചുപിടിക്കാന്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക പക്ഷം ശക്തമായി രംഗത്തുണ്ട്.

നേരത്തെ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെ ഭീഷണിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നുമായിരുന്നു ഭീഷണി. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയായിരുന്നു സുധാകരന്‍ വിമതര്‍ക്കെതിരെ ‘കൊലവിളി’ ഭീഷണിയുയര്‍ത്തിയത്.

വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് വാഹനങ്ങളില്‍ വോട്ടര്‍മാരെ ബാങ്ക് തിരഞ്ഞെടുപ്പിന് എത്തിച്ചു കൊണ്ടിരുന്നത്. ഇതിനിടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വോട്ടിംഗ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി സജ്ജമാക്കിയ വാഹനത്തിന് നേരെ തിരുവങ്ങൂരും വെങ്ങളത്തുംവെച്ച് കല്ലേറുണ്ടായത്.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ബാങ്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാങ്ക് സംരക്ഷണ സമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം പിന്തുണയോടെ മത്സരിക്കുന്നത്.