പയ്യോളിയിൽ ട്രെയിനിന് നേരെ കല്ലേറ്; വില്യാള്ളി സ്വദേശിക്ക് പരിക്ക്


പയ്യോളി: പയ്യോളിയിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വില്യാപ്പള്ളി സ്വദേശിയായ ട്രെയിൻ യാത്രക്കാരന് പരിക്കേറ്റു. വില്യാപ്പള്ളി സ്വദേശി എടത്തിലോട്ട് മീത്തൽ വിനോദൻ (48)നാണ് പരിക്കേറ്റത്. യശ്വന്ത്പൂർ എക്സ്പ്രസിൽ ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം.

കോഴിക്കോട് നിന്ന് വടകരയിലേക്ക് യശ്വന്ത്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു വിനോദൻ. ട്രെയിൻ പയ്യോളിക്കും ഇരിങ്ങലിനും ഇടയിലെത്തിയപ്പോൾ ട്രെയിനിനു നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു. ട്രെയിനിന്റെ വാതിലിന് സമീപത്ത് ഇരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതും പരിക്കേറ്റതും.

വലതു കണ്ണിനു താഴെയായാണ് കല്ലേറ് കൊണ്ടത്. വടകര സ്വകാര്യ ആശുപത്രിയിൽ വിനോദൻ ചികിത്സ തേടി. മൂന്നു തുന്നൽ ഉണ്ട്. ട്രെയിനിന്റെ പടിഞ്ഞാറ് ഭാഗത്തു നിന്നാണ് കല്ലേറ് ഉണ്ടായത്. സംഭവത്തെ തുടർന്ന് റെയിൽവേ പോലീസിൽ പരാതി നൽകി. ആക്രമണത്തിൽ ട്രെയിനിന്റെ ജനൽ ചില്ലും പൊട്ടി.