ആശുപത്രി മുറിയിൽ കയറി ബേപ്പൂർ സ്വദേശിയുടെ നാല് പവൻ സ്വർണ്ണാഭരണവും പണവും കവർന്നു; ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊക്കി നടക്കാവ് പോലീസ്


കോഴിക്കോട്: നിരവധി മോഷണക്കേസിലെ പ്രതിയായ കണ്ണൂർ ഇരിട്ടി സ്വദേശി പോലീസ് പിടിയിൽ. ഇരിട്ടി സ്വദേശി രാജേഷ് കുമാർ ആണ് അറസ്റ്റിലായത്. ആശുപത്രിയിൽ നിന്ന് ബേപ്പൂർ സ്വദേശിയുടെ സ്വർണ്ണാഭരണം കവർന്ന് കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് അറസ്റ്റ്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിക്കാൻ എത്തിയ ബേപ്പൂർ സ്വദേശി രജിത്തിന്റെ സ്വർണ്ണാഭരണവും പണവും ജനുവരി 31 രാത്രി മുറിയിൽ കയറി മോഷ്ടിച്ചിരുന്നു. മാല, ബ്രേസ്‌ലെറ്റ്, മോതിരം എന്നിവ അടക്കം നാലു പവൻ ആഭരണവും 5000 രൂപയുമാണ് കവർന്നത്. ശിക്ഷകഴിഞ്ഞിറങ്ങി അഞ്ചാം ദിവസമാണ് മോഷണം നടത്തിയത്. കഴിഞ്ഞ ഇരുപത്തിയാറിനാണ് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്.

മോഷണത്തിലൂടെ ലഭിക്കുന്ന പണം ആർഭാട ജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടെ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നാണ് പ്രതി അറസ്റ്റിലായത്. കോഴിക്കോടിന് പുറമേ മലപ്പുറം തൃശൂർ കോട്ടയം, കണ്ണൂർ ജില്ലകളിലായി 20 ഓളം മോഷണ മയക്കുമരുന്ന് കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.