പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണ്ണാഭരണം മോഷ്ടിച്ചു; പയ്യോളി അങ്ങാടി സ്വദേശി പിടിയിൽ
പയ്യോളി: ഇടിഞ്ഞകടവിൽ വീട്ടിൽ കയറി സ്വർണ്ണം മോഷ്ടിച്ച കേസിൽ പയ്യോളി അങ്ങാടി സ്വദേശി പിടിയിൽ. ചെറ്റയിൽവീട്ടിൽ ആസിഫ് (24) ആണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. ഒന്നര പവൻ സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ചത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. മോഷണം നടന്ന വീട്ടിൽ രണ്ടുദിവസം മുമ്പ് ഇയാൾ കോഴിക്കൂട് നിർമ്മാണത്തിനായി എത്തിയിരുന്നു. വീട്ടിൽ വിമലയെന്ന വീട്ടുകാരി തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലാക്കി. പിന്നീട് തിങ്കളാഴ്ച പകൽ എത്തി വാതിലിന്റെ പൂട്ട് തുറന്ന് കിടപ്പുമുറിയിലെ പേഴ്‌സിൽ സൂക്ഷിച്ച സ്വർണ്ണ ചെയിൻ മോഷ്ടിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പയ്യോളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച ആഭരണം ഇയാൾ പയ്യോളിയിലെ കടയിൽ വിറ്റ് 75000 രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ആഭരണം പയ്യോളിയിലെ സ്വർണ്ണ വ്യാപാരിയായ സേട്ടുവിന്റെ കടയിൽ നിന്നും കണ്ടെടുത്തു. നേരത്തെയും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.