ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നിയമതടസമില്ല; കാട്ടുപന്നികളെ കൊല്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കാട്ടുപന്നികളെ കൊല്ലുന്ന കാര്യത്തില്‍ വ്യക്തതയുമായി കേന്ദ്രസര്‍ക്കാര്‍. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നിയമതടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 1972 ലെ വന്യമൃഗ സംരക്ഷണ നിയമത്തിന്റെ 11 (1) (ബി) വകുപ്പ് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ജീവനും സ്വത്തിനും ഭീക്ഷണി ഉയര്‍ത്തുന്ന ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് കെ.മുരളീധരന്‍ എം.പി യെ അറിയിച്ചു.
സ്റ്റേറ്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ വന്യമൃഗ സംരക്ഷണ നിയമത്തിന്റെ 1, 2, 3 പട്ടികകള്‍ പ്രകാരം ഇത്തരം ജീവികളെ കൊല്ലാന്‍ അധികാരമുണ്ട്. ആവാസവ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കാത്ത വിധം കാട്ടുപന്നിയെ കൊല്ലാന്‍ ഇതുപ്രകാരം സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കൃഷിക്കും ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവെച്ചുകൊല്ലുന്നതിനുള്ള അധികാരം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാമെന്ന വ്യവസ്ഥയുള്‍പ്പെടുത്തി, ഇതുസംബന്ധിച്ച നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭാ തീരുമാനിച്ചത്. പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്ര വനം മന്ത്രിയുടെ വിശദീകരണം.