തീവച്ചതിന് പിന്നില്‍ ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യം; കണ്ണൂർ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയുടെ മൊഴി പുറത്ത്
കണ്ണൂര്‍: കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊഴി പുറത്ത്. ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയുടെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീവെച്ചത് എന്നാണ് പ്രതി നല്‍കിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് തീവെക്കാന്‍ പ്രകോപനം ഉണ്ടാക്കിയെതെന്നും പ്രതി മൊഴി നല്‍കിയതായാണ് വിവരം.
തീവെപ്പിന് തൊട്ടു മുമ്പ് ഒരാള്‍ ട്രാക്കിന് പരിസരത്തായി ഉണ്ടായിരുന്നതായി തുടക്കത്തില്‍ തന്നെ ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളിലെ സാമ്യം നോക്കിയാണ് ഇന്നലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ മുമ്പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടിരുന്നു. എന്നാല്‍ അന്ന് ഇയാള്‍ക്ക് മാനസിക പ്രശ്‌നമാണെന്ന തരത്തില്‍ പോലീസ് കനത്ത നടപടികളൊന്നും എടുത്തിരുന്നില്ല. ജൂണ്‍ 1നായിരുന്നു കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട 16306 നമ്പര്‍ കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് തീ പിടിച്ചത്. തീപിടുത്തമുണ്ടാകുമ്പോള്‍ യാത്രക്കാര്‍ ആരും തന്നെ ട്രെയിനിലുണ്ടായിരുന്നില്ല.