നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്ക്; സമരം കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിൽ
കോഴിക്കോട്: കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിൽ ഉള്ള കോളേജുകളിൽ നാളെ( നവംബർ 14) പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽ നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്തിയതടക്കമുള്ള വിഷയങ്ങൾക്കെതിരെയാണ് സമരം.
മൂന്ന് വർഷ ബിരുദ കോഴ്‌സുകൾക്ക് തുല്യമായി ഫീസ് കുറയ്ക്കണമെന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. 1300 രൂപ മുതൽ 1750 രൂപവരെയാണ് പുതിയ ഉത്തരവ് പ്രകാരം ഫീസ് അടയ്‌ക്കേണ്ടത്. എന്നാൽ മൂന്ന് വർഷ ബിരുദ വിദ്യാർഥികൾക്ക് 515 രൂപ മാത്രമാണ് പരീക്ഷ ഫീസ്. കഴിഞ്ഞദിവസം ഈ ആവശ്യമുന്നയിച്ച് കെ.എസ്.യു യൂണിവേഴ്‌സിറ്റി മാർച്ച് നടത്തിയിരുന്നു.

കേരള കാലിക്കറ്റ് സർവ്വകലാശാലയിലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഫീസ് വർധവവ് അടിയന്തരമായി പിൻവലിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു. എൽ.എൽ.ബി വിദ്യാർഥികളുടെ പുനർമൂല്യനിർണയ ഫലം വരുന്നതിന് മുമ്പ് സപ്ലിമെന്ററി പരീക്ഷ നടത്തുവാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു.