കൈമുറിഞ്ഞ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിര്‍ത്തിയില്ല, കളി അവസാനിച്ചതിനു പിന്നാലെ തളര്‍ന്നുവീണു; കണ്ടുനിന്നവരില്‍ ആശങ്കയും ഭയവും വിതച്ച് ഒപ്പന മത്സരം


കോഴിക്കോട്: കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് ചോരയൊഴുകിയിട്ടും ഒപ്പന നിര്‍ത്താതെ തോഴി. വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന ഹിബക്കാണ് ഒപ്പന തുടങ്ങി അല്‍പനേരത്തിനകം കൈ മുറിഞ്ഞത്. ഒടുവില്‍ കളി പൂര്‍ത്തിയാക്കിയപ്പോഴേക്കും ആമിന വേദിയില്‍ തളര്‍ന്നുവീഴുകയായിരുന്നു.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒപ്പനമത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ചോരക്കലാശം.

കയ്യില്‍ നിന്ന് ചോര തെറിക്കുമ്പോഴും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കളി തുടര്‍ന്ന ആമിന ഹിബയെ കാണികളില്‍ ചിലര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെങ്കിലും രക്തച്ചൊരിച്ചില്‍ കൂടിയതോടെ പലരുടെയും മുഖത്ത് ആശങ്കയും ഭയവുമായി.

മണവാട്ടിയുടെ മുഖത്തും പ്രയാസം തെളിഞ്ഞ് കാണാമായിരുന്നു. ഒപ്പന കഴിയുമ്പോഴേക്കും മെഡിക്കല്‍ സംഘവും ആംബുലന്‍സും റെഡിയായി സ്റ്റേജിന് പിന്നില്‍ കാത്തിരുന്നു. തളര്‍ന്നു വീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റി.

ഒപ്പന കുപ്പിവളയണിയുന്നത് അപകടമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. കൈകൊട്ടുന്നതിനിടയില്‍ വള പൊട്ടാനും കൈ മുറിയാനും സാധ്യത ഏറെയാണ്.