സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഉജ്ജ്വല തുടക്കം; കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകള്‍, കാണാം ആദ്യ ദിനത്തിലെ വിശേഷങ്ങള്‍


കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവം വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.

 

കലോത്സവ ചരിത്രത്തിലേക്ക് വഴി തുറന്ന് ചരിത്രപ്രദര്‍ശനം

കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കലോത്സവ ചരിത്ര പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. 1957 മുതലുള്ള 55 സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ സംഭവബഹുലമായചരിത്രം വിവരിക്കുന്ന പ്രദര്‍ശന സ്റ്റാളാണ് കലോത്സ ചരിത്രത്തിന്റെ ഇടനാഴിയിലേക്ക് വഴിത്തുറക്കുന്നത്.

പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, സെക്രട്ടറി പി.എസ് രാകേഷ് എന്നിവര്‍ സംബന്ധിച്ചു.

സ്‌കൂള്‍ കലോത്സവമെന്ന ആശയത്തിന് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ സി.എസ് വെങ്കിടേഷന്‍,1957 ജനുവരി 26, 27 തിയ്യതികളിലായി എറണാകുളം ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന ആദ്യത്തെ കലോത്സവം, ആദ്യത്തെ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ വടക്കെ മലബാര്‍ ജില്ല, വിവിധ വര്‍ഷങ്ങളിലെ കലാതിലകവും, കലാപ്രതിഭകളും തുടങ്ങി കലോത്സവത്തിന്റെ ഇന്നലകളെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

രണ്ട് വര്‍ഷത്തെ പ്രയത്‌നത്തിലൂടെ ജി അനൂപാണ് കലോത്സവ ചരിത്രം ക്രോഡീകരിച്ചത്. വിവിധ സര്‍ക്കാര്‍ രേഖകള്‍, ഉത്തരവുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ വിവരശേഖരണത്തിന് സഹായകരമായി. കലോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രത്താളുകളും പ്രദര്‍ശനത്തിലുണ്ട്.

 

കലോത്സവത്തില്‍ ദാഹം തീര്‍ക്കാന്‍ മണ്ണിന്‍ തണുപ്പുള്ള ദാഹജലം

കലോത്സവ വേദികളില്‍ ദാഹിച്ചെത്തുന്നവര്‍ക്ക് മണ്ണിന്റെ തണുപ്പില്‍ ശുദ്ധവെള്ളം ലഭ്യമാക്കി സംഘാടകര്‍. വെയിലിന്റെ ക്ഷീണമോ തളര്‍ച്ചയോ അറിയാതെ കലോത്സവ വേദികളിലെല്ലാം ശുദ്ധജലം കുടിക്കാം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ പ്ലാസ്റ്റിക് മുക്തമാക്കുക, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ബോധവത്കരണം എന്നീ ലക്ഷ്യവുമായാണ് ‘തണ്ണീര്‍ കൂജ’യെന്ന പേരില്‍ മണ്‍കൂജയില്‍ കുടിവെള്ളം ലഭ്യമാക്കുന്നത്.

വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു മാതൃകാപരമായ പദ്ധതി നടപ്പാക്കുന്നത്. വെള്ളം സംഭരിക്കുന്നതിന് വലിയ ഭരണിപോലുള്ള മണ്‍ പാത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളം കുടിക്കുന്നതിന് മണ്‍ ഗ്ലാസ്സും വേദികളില്‍ ഒരുക്കിയിട്ടുണ്ട്. ആകെ 500 മണ്‍കൂജകളും 6000 മണ്‍ ഗ്ലാസ്സുകളുമാണ് കലോത്സവത്തിനായി എത്തിച്ചിട്ടുള്ളത്. പ്രധാന വേദിയില്‍ തന്നെ നൂറോളം മണ്‍കൂജകളാണ് ഒരുക്കിയിട്ടുള്ളത്. 20 ലിറ്റര്‍, 15 ലിറ്റര്‍ വെള്ളം കൊള്ളുന്ന കൂജകളാണിവ. വെള്ളം നല്‍കാന്‍ മണ്ണില്‍ നിര്‍മ്മിച്ച ജഗ്ഗുകളും ഒരുക്കിയിട്ടുണ്ട്. വേദിയിലുള്ള വളണ്ടിയര്‍മാര്‍, എന്‍എസ്എസ്,എസ് പി സി,ജെ ആര്‍ സി റെഡ്‌ക്രോസ് എന്നിവരെയാണ് കൂജയില്‍ വെള്ളം നിറക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ 40 മണ്‍പാത്ര നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്നാണ് കൂജയും ഭരണിയും എത്തിച്ചത്. സൂറത്തില്‍ നിന്നുള്ളതാണ് മണ്‍ഗ്ലാസ്സുകള്‍.

കലോത്സവ ശേഷം മണ്‍പാത്രങ്ങളെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് കൈമാറും. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷനാണ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചുമതല. കെ. കെ രമ എംഎല്‍എയാണ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍. കെ. പി സുരേഷ്, എന്‍.കെ റഫീഖ് എന്നിവരാണ് കണ്‍വീനര്‍മാര്‍.

കലാവസന്തത്തിന് മാറ്റുകൂട്ടാന്‍ സാംസ്‌കാരിക പരിപാടികളും

അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ സാംസ്‌കാരിക പരിപാടികളും. സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 6 വരെ ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ പരിപാടികള്‍ നടക്കും. വൈകുന്നേരം അഞ്ചുമണി മുതല്‍ പത്തുമണിവരെയാണ് പരിപാടികള്‍. 5.30 മുതല്‍ 6.30 വരെ സാംസ്‌കാരിക പ്രഭാഷണം, തുടര്‍ന്ന് കലാപരിപാടികള്‍ എന്നിങ്ങനെയാണ് ക്രമീകരണം.

വിവിധ വിഷയങ്ങളിലായി ആലങ്കോട് ലീല കൃഷ്ണന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സുനില്‍ പി ഇളയിടം എന്നിവര്‍ സംസാരിക്കും.

പരിപാടിയുടെ ഭാഗമായി മധുവൂറും മലയാളം, തോല്‍പ്പാവക്കൂത്ത്, ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഗാനമേള, ജില്ലയിലെ കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മ (ക്രിയേറ്റീവ് ) നടത്തുന്ന പരിപാടികള്‍, പഴയകാല ചലച്ചിത്ര ഗാനമേള, തുടങ്ങിയവ അവതരിപ്പിക്കും. അവസാന ദിവസം ജനുവരി ആറിന് ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും.