സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍; വയനാട് ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചതായി കണക്കാക്കും


തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായവരെ മരിച്ചതായി കണക്കാക്കാൻ സർക്കാർ തീരുമാനം. മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്‌തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക.

പ്രാദേശിക സമിതിയാണ് മരിച്ചവരുടെ പട്ടിക തയ്യാറാക്കുക. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേരെയാണ് ഇനിയും കണ്ടെത്താൻ ഉള്ളത്.

ദിവസങ്ങൾക്ക് മുമ്പാണ് വയനാട് ഉരുൾപൊട്ടൽ അതീതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിന്റെ നിരന്തരമായുള്ള അഭ്യർത്ഥനയ്‌ക്ക് പിന്നാലെയാണ് കേന്ദ്രം അംഗീകാരം നൽകിയത്. എന്നാൽ, കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുന്നതിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല.