ഡോക്ടറോ എഞ്ചിനീയറോ ആകാനാണോ താത്പര്യം? എസ്.സി-എസ്.ടി വിദ്യാർത്ഥികൾക്കായി സർക്കാരിന്റെ പ്രവേശന പരീക്ഷാ പരിശീലനം; അപേക്ഷകൾ പേരാമ്പ്രയിലെ ഓഫീസിൽ സമർപ്പിക്കാം


പേരാമ്പ്ര: 2023 ലെ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക പ്രവേശന പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു. 2022 മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളില്‍ നിന്നും പ്ലസ്ടു കോഴ്‌സുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെയും 2022ല്‍ നീറ്റ്/ കെ.ഇ.എ.എം എഴുതിയിട്ടുള്ളവരെങ്കില്‍ അതിലെ സ്‌കോറിന്റെ അടിസ്ഥാനത്തിലുമാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.


താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ അപേക്ഷ, അവരുടെ പേര്, മേല്‍ വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതം ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 2022ലെ പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്‌കോര്‍ വ്യക്തമാക്കുന്ന രേഖയുടെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം സെപ്തംബര്‍ 12 ന് 5 മണിയ്ക്ക് മുമ്പായി കോഴിക്കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ കോടഞ്ചേരി, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കേണ്ടതാണ്.

നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ബന്ധപ്പെടേണ്ട നമ്പര്‍: 0495 2376364.

Summary: Interested in becoming a doctor or an engineer? State Government special Entrance Exam Coaching for SC-ST Students; Applications can be submitted at the tribal extension office in Perambra