മണിയൂരിൽ വൻ ചാരായവേട്ട; 50 ലിറ്റർ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
വടകര: മണിയൂരിൽ നിന്ന് വ്യാജ ചാരായവും സ്പെൻഡ് വാഷും പിടികൂടി. ഇന്ന് പുലർച്ചെ വടകര എക്സൈസ് സർക്കിൾ പാർട്ടി വടകര മണിയൂർ മന്തരത്തൂർ എളിമ്പിലാട് ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് വ്യാജ ചാരായവും വാഷും പിടികൂടിയത്.
എളിമ്പിലാട് കോയകുറ്റി വണ്ണത്താൻ കണ്ടി അഖിലേഷ് താമസിക്കുന്ന വീടിന്റെ മുകളിൽ വച്ച് കുന്നപൊയിൽ മീത്തൽ ഷൈജു വള്ളു പറമ്പിൽ സുനിൽകുമാർ എന്നിവരുടെ സഹായത്തോടുകൂടി വ്യാജ ചാരായം തയ്യാറാക്കുന്നതിനിടയിലാണ് വടകര എക്സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായത്.
പ്രതികളുടെ കയ്യിൽ നിന്നും 10 ലിറ്റർ വ്യാജ ചാരായവും 30 ലിറ്റർ സ്പെൻഡ് വാഷും 50 ലിറ്റർ ചാരായം തയ്യാറാക്കുന്നതിന് വേണ്ടിയുള്ള വാഷും വാറ്റ് ഉപകരണങ്ങളും ഗ്യാസ് കുറ്റിയും അടുപ്പും കണ്ടെടുത്ത് കേസാക്കി.
പ്രിവന്റി ഓഫീസർ തറോൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജിജു, ലിനീഷ് പി. വനിത സിവിൽ എക്സൈസ് ഓഫീസർ സീമ, ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു.