ഇനി പരീക്ഷച്ചൂടിലേക്ക്; എസ്.എസ്.എല്‍.സി പരീക്ഷക്ക് നാളെ തുടക്കം, ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വടകരയില്‍
കോഴിക്കോട്: 2022-23 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ നാളെ ആരംഭിക്കും. ജില്ലയില്‍ 43,137 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഇതില്‍ 43,116 പേരും റെഗുലര്‍ വിദ്യാര്‍ഥികളാണ്. 21 പേരാണ് പ്രൈവറ്റായി എഴുതുന്നത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് വടകര വിദ്യാഭ്യാസ ജില്ലയിലാണ്. 62 കേന്ദ്രങ്ങളിലായി 15,706 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 71 കേന്ദ്രങ്ങളിലായി 12,552 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും.
205 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങള്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ്. 72 കേന്ദ്രങ്ങളിലായി 14,879 വിദ്യാര്‍ഥികള്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതുന്നത്.
പരീക്ഷ നടത്തിപ്പിനായി 10,000ത്തിലേറെ അധ്യാപക-അനധ്യാപക ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും ജില്ല വിദ്യാഭ്യാസ ഡയറക്ടറുടെയും ജില്ല വിദ്യാഭ്യാസ ഓഫിസറുടെയും ടീമുകളാണ് പരീക്ഷ നിരീക്ഷിക്കുക.
ക്ലാസ് മുറികളില്‍ ഇന്‍വിജിലേറ്റര്‍മാരായ അധ്യാപകര്‍ ബുധനാഴ്ച സ്‌കൂളുകളിലെത്തി അന്തിമ ഒരുക്കം പൂര്‍ത്തിയാക്കും. ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കര്‍ശന വിലക്കുണ്ട്. സ്വിച്ച് ഓഫ് ചെയ്തുപോലും ഫോണ്‍ കൈവശം വെക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
സ്‌കൂളില്‍ എത്തിയാലുടന്‍ ഫോണുകള്‍ ചീഫുമാരെ ഏല്‍പിക്കണം. കനത്ത ചൂടു കാലമായതിനാല്‍ കുട്ടികള്‍ക്ക് കുടിവെള്ളം കൊണ്ടുവരാം. സ്‌കൂളുകളില്‍ കുടിവെള്ളം പ്രത്യേകമായി സജ്ജീകരിക്കും. കോവിഡ് ചട്ടം കര്‍ശനമല്ലെങ്കിലും വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല.