നഗരവീഥികള്‍ അമ്പാടിയായി, നിറഞ്ഞാടി ഉണ്ണിക്കണ്ണന്മാരും രാധമാരും; വടകരയിലെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ചിത്രങ്ങളിലൂടെ


വടകര: ദ്വാപരയുഗ സ്മരണകളുയർത്തി വടകരയിലെ നഗരവീഥികളില്‍ നിറഞ്ഞാടി ഉണ്ണിക്കണ്ണന്മാരും രാധമാരും. ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയായിരുന്നു ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾ. വൈകിട്ട് നാല് മണിയോടെയാണ്‌ ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ആരംഭിച്ചത്‌.

ശോഭായാത്ര അഞ്ചുവിളക്ക് ജങ്ഷന്‍ വഴി നഗരപ്രദക്ഷിണം നടത്തി ഭഗവതി കോട്ടക്കല്‍ ക്ഷേത്ര പരിസരത്ത് സമാപിച്ചു. വടകര നഗരത്തില്‍ ഇത്തവണ 14 ശോഭായാത്രകളാണ് സംഗമിച്ചത്‌. പുതുപ്പണത്തെ എട്ട് ശോഭായാത്രകൾ കോട്ടക്കടവിൽ സംഗമിച്ച് പുതുപ്പണം ഭജനമഠത്തിൽ സമാപിച്ചു. വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘങ്ങൾ എന്നിവ ശോഭായാത്രയ്‌ക്ക് അകമ്പടിയായി ഉണ്ടായിരുന്നു.

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഗോപൂജ, ഉറിയടി, കലാ വൈഞ്ജാനിക മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വടകരയില്‍ ഇത്തവണ ആര്‍ഭാടങ്ങളില്ലാതെ ഭക്തിസാന്ദ്രമായാണ് ശോഭായാത്രകള്‍ സംഘടിപ്പിച്ചത്‌.

Description: Srikrishna Jayanti Sobhayatra in Vadakara through pictures