വഴിയോരങ്ങളില്‍ തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍, ഔഷധ സസ്യവിതരണം; പൊതു പ്രവര്‍ത്തനത്തിനിടയില്‍ വേറിട്ട പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ശ്രീജേഷ് ഊരത്തിന് ഭാരതീയ പുരസ്‌കാരം


കുറ്റ്യാടി: സന്നദ്ധ സംഘടന കൂട്ടായ്മയായ ഭാരതീയത്തിന്റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള ഭാരതീയ പുരസ്‌കാരം ശ്രീജേഷ് ഊരത്ത് ഏറ്റുവാങ്ങി. ‘പരിസ്ഥിതി, പൊതു പ്രവര്‍ത്തന, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട ശബ്ദമായിരുന്നു ശ്രീജേഷ് ഊരത്തിന്റേത്’. പുരസ്‌കാരം സമര്‍പ്പണം നടത്തികൊണ്ട് പത്മശ്രീ മീനാക്ഷി ഗുരിക്കള്‍ പറഞ്ഞു.

പൊതു പ്രവര്‍ത്തനത്തിനിടയില്‍ വേറിട്ട പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ശ്രീജേഷ് പുരസ്‌കാരത്തിനര്‍ഹനായത്. യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം അധ്യക്ഷനും, വടകര പാര്‍ലമെന്റ് ഉപാധ്യക്ഷനുമായ കാലയളവില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

പരിസ്ഥിതി പ്രവര്‍ത്തനമേഖലയില്‍ ആവിഷ്‌ക്കരിച്ച ‘ഗ്രീന്‍ ലീഫ് ‘ പദ്ധതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സെമിനാര്‍, സാമൂഹ്യവനവത്ക്കരണം, വഴിയോരങ്ങളില്‍ തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍, ഔഷധ സസ്യവിതരണം തുടങ്ങി നിരവധി പ്രോത്സാഹന പദ്ധതികള്‍ ഉള്‍പ്പെട്ട തായിരുന്നു ഗ്രീന്‍ ലീഫ് പദ്ധതി.

വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഇതേ കാലയളവില്‍ നടത്തിയിരുന്നു. നിലവില്‍ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും, കുറ്റ്യാടി പ്രസ്സ് ഫോറം പ്രസിഡന്റുമാണ് ശ്രീജേഷ് ഊരത്ത്.

summary: sreejesh oorath got bharatiya award for environmental work along with public work