നടുവണ്ണൂരിന്റെ മണ്ണിലെ സ്വാതന്ത്ര്യ പോരാട്ടം; ബ്രിട്ടിഷ് ധാര്‍ഷ്ട്യത്തെ തകര്‍ക്കാന്‍ തീ കൊളുത്തിയത് സബ് റജിസ്ട്രാര്‍ ഓഫീസിന്


ഒരു ജനത വിയര്‍പ്പും രക്തവും ചിന്തിയാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നതെന്ന ഓര്‍മകള്‍, ആ പോരാട്ട സ്മരണകളിലെ അടങ്ങാത്ത കനലുകളിലൊന്നാണ് നടുവണ്ണൂര്‍ സബ്‌റജിസ്ട്രാര്‍ ഓഫീസ്. സ്വാതന്ത്ര്യ സമരകാലത്ത് നടുവണ്ണൂരിന്റെ പേരും മുദ്രകുത്തപ്പെട്ടത് ഈ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്.

ഒരു കാലത്ത് കുറുമ്പനാടിന്റെ ആസ്ഥാനമായിരുന്നു നടുവണ്ണൂര്‍ 1871ലാണ് ബ്രിട്ടിഷുകാര്‍ നടുവണ്ണൂരില്‍ സബ് റജിസ്ട്രാര്‍ ഓഫീസ് തുറന്നത്. ഒരു നാട്ടുരാജ്യത്തിന്റെ ഹൃദയഭാഗത്ത് ബ്രിട്ടിഷ് രാജഭരണത്തിന്റെ കയ്യൂക്കിന്റെ ചിഹ്നമായി ആ ഓഫീസ് തലയുയര്‍ത്തി നിന്നു.

നടുവണ്ണൂരിലും ചെങ്ങോട്ട്പാറയിലും അക്കാലത്ത് സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. സമരങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകളും ഹിന്ദി പ്രചാരണവും നൂല്‍നൂല്‍പ്പുമൊക്കെ നടന്നുകൊണ്ടിരുന്നു.

1942ല്‍ ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചു. ഇതിന്റെ ഭാഗമായി നടുവണ്ണൂരിന്റെ മണ്ണിലും തീ ആളിക്കത്തുന്നുണ്ടായിരുന്നു. അക്കാലത്ത് നന്ദനാശ്ശേരി തറവാടായിരുന്നു സ്വാതന്ത്ര്യസമര സേനാനികളുടെ ഊര്‍ജകേന്ദ്രം. സ്വതന്ത്ര ഭാരതം എന്ന പ്രസിദ്ധീകരണത്തിന്റെ കോപ്പികള്‍ അതീവ രഹസ്യമായി കല്ലച്ചില്‍ തയാറാക്കിയത് ഇവിടെ നിന്നായിരുന്നു. നന്താനശ്ശേരി സുബ്രഹ്‌മണ്യ ക്ഷേത്രത്തിന്റെ അഗ്രശാലയിലായിരുന്നു ഇവ അച്ചടിച്ചത്.

കെ.കുഞ്ഞിരാമന്‍ നായര്‍, എടവനപ്പുറത്ത് അനന്തന്‍ നായര്‍, വി. ഗോവിന്ദന്‍ നായര്‍, കുഞ്ഞുണ്ണി വൈദ്യര്‍, ഗോവിന്ദക്കുറുപ്പ്, കുഞ്ഞിരാമന്‍ വൈദ്യര്‍ തുടങ്ങിയ സമരസേനാനികള്‍ നന്താനശ്ശേരി തറവാട്ടില്‍ ഒത്തുകടുകയും ഒരു ആക്രമണത്തിന് ആസൂത്രണം നടത്തുകയും ചെയ്തു. തുടര്‍ന്ന്് 1942 ഡിസംബര്‍ 22 രാത്രിയോടെ ഈ സംഘം മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നടുവണ്ണൂര്‍ സബ് റജിസ്ട്രാര്‍ ഓഫീസിനു സമീപത്തെത്തി. ഓഫീസിനു തീയിട്ടു. നേരം പുലരുമ്പോള്‍ ഓഫീസ് കത്തിക്കരിഞ്ഞു കിടന്നു.

അന്ന് കത്തിപ്പോയ സബ്‌റജിസ്ട്രാര്‍ ഓഫീസിനു പകരമായി 1943ല്‍ ബ്രിട്ടിഷുകാര്‍ പുതിയ ഓഫീസ് പണിതു. കാലപ്പഴക്കം മൂലം ജീര്‍ണിച്ച ആ കെട്ടിടം 2019ലാണ് പൊളിച്ചുനീക്കിയത്. 2020ല്‍ പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്തു.

summary: special story on the occasion of independence day sub registrar office, naduvannoor