വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം; ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് ഷാഫി പറമ്പിൽ എം.പി പ്രഖ്യാപിച്ച ഇരുപത് വീടുകളിൽ ആദ്യ വീടിന് തറക്കല്ലിട്ടു


വിലങ്ങാട്: വിലങ്ങാട് ഉരുൾ പൊട്ടലിനെ തുടർന്ന് തകർന്ന റോഡുകളും പാലങ്ങളും അതിവേഗം പുനർനിർമ്മിക്കണമെന്നും, വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഷാഫി പറമ്പിൽ എം.പി. ദുരന്തബാധിതർക്ക്‌ പ്രഖ്യപിച്ച വീടുകളിൽ ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങിന് ശേഷം വിലങ്ങാട് പാരിഷ് ഹാളിൽ ചേർന്ന ദുരന്തബാധിതരുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്ത ബാധിതർക്ക് ഇരുപത് വീടുകൾ എം.പി പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യവീടിന്റെ തറക്കല്ലിടൽ ചടങ്ങാണ് ഇന്ന് നടന്നത്‌. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അഞ്ചുപേരെയാണ് ആദ്യഘട്ടത്തിൽ എം.പിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുഴയോരത്ത് താമസിക്കുന്ന ദുരിതബാധിതരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി മുൻ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ആന്റണി ചെയർമാനും ഷെബി സെബാസ്റ്റ്യൻ കൺവീനറുമായി 11 അംഗ കോഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

പി.എ ആന്റണിയുടെ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.കെ പ്രവീൺകുമാർ, യു.ഡി.എഫ്‌ ജില്ലാ കൺവീനർ അഹമ്മദ്‌ പുന്നക്കൽ, വിലങ്ങാട് ഫോറോന ചർച്ച് വികാരി ഫാ വിൽസൺ മുട്ടത്കുന്നേൽ, സൂപ്പി നരിക്കാട്ടേരി, പി.സുരയ്യ ടീച്ചർ, കെ.ടി ജെയിംസ്, പി.കെ ഹബീബ്, രാജേഷ് കീഴരിയൂർ, ജോർജ് മണ്ണാർകുന്നേൽ, അഷറഫ് കൊറ്റാല, ഷെബി സെബാസ്റ്റ്യൻ, സെൽമ രാജു, ജമാൽ കൊരങ്കോട്, എൻ.കെ മുത്തലീബ്, സി.കെ നാണു, ജോസ് ഇരുപ്പക്കാട്ട്, പി ബാലകൃഷ്ണൻ, ശശി പി.എസ്, തോമസ് മാത്യു, വിപിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.