‘സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്’; വില്യാപ്പള്ളി വനിത സഹകരണ സംഘം പണിക്കോട്ടി ശാഖയുടെ ഉദ്ഘാടനം നിർവഹിച്ച് സ്പീക്കർ എ.എൻ ഷംസീർ


വില്യാപ്പള്ളി: വില്യാപ്പള്ളി വനിതാ സഹകരണ സൊസൈറ്റിയുടെ പണിക്കോട്ടി റോഡ് ശാഖ ഉദ്ഘാടനം ചെയ്തു. സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം നിർവ്വഹിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം വ്യത്യസ്തമാകുന്നതി ന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സംസ്ഥാനത്തെ ജനകീയ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ച യാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. സഹകരണ മേഖലയെ തകർക്കാൻ ബാഹ്യശക്തികൾ ശ്രമിക്കുമ്പോഴും കഴിഞ്ഞ ഒരുവർഷം മാത്രം 21,000 കോടിയോളം രൂപ യുടെ അധിക നിക്ഷേപം സഹകരണ മേഖല സമാഹരിച്ചു. ഇത് സഹകരണ മേഖലയുടെ ജനകീയ അടിത്തറയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം ലീന ആദ്യ നിക്ഷേപം സ്വീകരിച്ചു. മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക് പ്രസിഡൻ്റ് പി.കെ ദിവാകരൻ ആദ്യവായ്പയും ഓഡിറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ കെ.വി.ഷാജി സഹകരണ അംഗ സമാശ്വാസ നിധിയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുബീഷ് സഹകരണ റിസ്ക് ഫണ്ടും വിതരണം ചെയ്തു. വില്യാപ്പള്ളി വനിത സഹകരണ സൊസൈറ്റി സെക്രട്ടറി ഡി.ദിവിൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വില്യാപ്പള്ളി പഞ്ചായത്ത് അംഗം കെ ഗോപാലൻ, മണിയൂർ പഞ്ചായത്ത് അംഗം പി.രജനി, യൂണിറ്റ് ഇൻസ്പെക്ടർ കെ.മനോജ്, മേമുണ്ട അർബൻ സഹകരണ സൊസൈറ്റി പ്രസിഡന്റ് ഭാസ്കരൻ, കടത്തനാട് ടൂറിസം സഹകരണ സൊസൈറ്റി പ്രസിഡന്റ് ഒ.പി ബാബു തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് സഫിയ മലയിൽ സ്വാഗതവും ആർ.പി പ്രിയ നന്ദിയും പറഞ്ഞു.

Summary: What makes Kerala different is the growth of cooperative movements; Speaker AN Shamseer inaugurating the Panikotty Branch of Vilyapally Women’s Cooperative Society.