‘കണാരൻ മാസ്റ്റർ പഠിപ്പിച്ച മൂല്യങ്ങളാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്’; പാലേരി കണാരൻ മാസ്റ്ററുടെ നാൽപ്പതാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്പീക്കർ എ.എൻ.ഷംസീർ
ഒഞ്ചിയം: ഊരാളുങ്കൽ ലേബർ കോൺട്രക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് പാലേരി കണാരൻ മാസ്റ്ററുടെ നാല്പതാമത് അനുസ്മരണ സമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. ഇന്ന് ഏതു നിർമ്മാണവും യു.എൽ.സി.സി.എസ് എടുക്കണം എന്നാണ് തന്നെപ്പോലുള്ള ജനപ്രതിനിധികൾ ആഗ്രഹിക്കുന്നതെന്ന് ഷംസീർ പറഞ്ഞു.
സത്യസന്ധത, ഗുണമേന്മ, വിശ്വാസ്യത, അച്ചടക്കം എന്നിവയിലൂടെയാണ് സൊസൈറ്റി ഈ നിലയിലേക്കു വന്നത്. ഒരു ഘട്ടത്തിലും അതു വഴിമാറിയില്ല. ഒരു കള്ളത്തരവും കാണിക്കാത്തവരാണു തൊഴിലാളികളും സൊസൈറ്റിയും. സമയത്തു പണി തീർക്കുമെന്ന വാക്കു പാലിക്കുന്നവർ. കണാരൻ മാസ്റ്റർ പഠിപ്പിച്ച ഈ മൂല്യങ്ങളാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്. എം.എസ്. വല്യത്താനെപ്പോലെ മികച്ച സ്ഥാപന നിർമ്മാതാവായിരുന്നു കണാരൻ മാസ്റ്ററെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
കാലടി സംസ്കൃത സർവ്വകലാശാല അസിസ്റ്റന്റ്റ് പ്രഫസർ ഡോ.അഭിലാഷ് മലയിൽ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി ആസ്ഥാനത്തു നടന്ന പരിപാടിയിൽ യു.എൽ.സി.സി.എസ് വൈസ് ചെയർമാൻ എം.എം.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഡയറക്റ്റർ പി.പ്രകാശൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ഡയറക്റ്റർമാരായ വി.കെ.അനന്തൻ, പി.കെ.സുരേഷ്ബാബു, കെ.ടി.കെ.അജി, കെ.ടി.രാജൻ, ടി.ടി.ഷിജിൻ, ശ്രീജിത്.സി.കെ, ശ്രീജ മുരളി, ലൂബിന.ടി, മാനേജിങ്ങ് ഡയറക്റ്റർ എസ്.ഷാജു, യു.എൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.കെ.ജയരാജ്, സി.ഇ.ഒ അരുൺ ബാബു, സൈബർ.പാർക്ക് സി.ഒ.ഒ ടി.കെ.കിഷോർ കുമാർ, സൊസൈറ്റി സി.ജി.എം രോഹൻ പ്രഭാകർ, സർഗ്ഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ജിഎം ടി.കെ.രാജേഷ്, ജിഎം അഡ്മിൻ ഷാബു.കെ.പി, പുതിയാടത്തിൽ ചന്ദ്രൻ തുടങ്ങിയവർ കണാരൻ മാസ്റ്ററെ അനുസ്മരിച്ചു.
Summary: ‘It is the values taught by Kanaran Master that have raised Uralungal Society to what it is today’; Speaker A.N.Shamseer inaugurated the 40th Commemoration Conference of Paleri Kanaran Master.