സിം കാര്‍ഡ് കാണാനില്ലെന്ന പേരില്‍ തര്‍ക്കം; തൂണേരിയില്‍ അച്ഛനെ കുത്തിക്കൊന്നു കേസില്‍ മകന്‍ അറസ്റ്റില്‍


നാദാപുരം: അച്ഛനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. തൂണേരി പഞ്ചായത്തിലെ താഴെ മുടവന്തേരി പറമ്പത്ത് മുഹമ്മദലി (32) യെയാണ് നാദാപുരം സി.ഐ ഫായിസ് അലി അറസ്റ്റ് ചെയ്തത്. മുഹമ്മദലിയുടെ കുത്തേറ്റാണ് വാപ്പ സൂപ്പി് (65) കൊല്ലപ്പെട്ടത്.

മെയ് 22 ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈല്‍ സിം കാര്‍ഡ് കാണാതായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. അക്രമത്തിനിടെ കൈ ഞരമ്പ് മുറിച്ച നിലയില്‍ മുഹമ്മദലിയെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തര്‍ക്കത്തിനിടെ സഹോദരന്‍ മുനീര്‍, സൂപ്പിയുടെ ഭാര്യ നഫീസ എന്നിവര്‍ക്കും മുഹമ്മദലിയുടെ കുത്തേറ്റിരുന്നു. പ്രതിയെ തിങ്കളാഴ്ച രാത്രിയോടെ ഡിസ്ചാര്‍ജ് ചെയ്ത് നാദാപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.