നോ എൻട്രി, വന്യമൃ​ഗങ്ങൾ കൃഷിയിടത്തേക്ക് കടക്കാതിരിക്കാൻ ചക്കിട്ടപാറയിൽ സോളാർ വേലി


ചക്കിട്ടപാറ: വന്യമൃ​ഗ ശല്യം തടയാൻ ചക്കിട്ടപാറ പഞ്ചായത്തിൽ സോളാർ വേലി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർഹിച്ചു. 2022-23 ലെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളിൽ പദ്ധതി നടപ്പാക്കിയത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2450മീറ്ററിലാണ് സോളാർ ഫെൻസിങ് സ്ഥാപിച്ചത്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത് ആദ്യമായാണ്. ഗ്രാമപഞ്ചായത്ത് അനുവദിച്ച 3,67,500/-രൂപയും ഗുണഭോക്തൃ വിഹിതമായ 3,67,500/-രൂപയും ഉപയോഗിച്ച് ഏഴ് കർഷകരുടെ കൃഷിയിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ​ഗവ. അംഗീകൃത ഏജൻസിയായ ഐ.എൻ.കെ.ഇ.എൽ ആണ് സോളാർ ഫെൻസിങ് സ്ഥാപിച്ചത്. വന്യമൃ​ഗ ശല്യത്താൽ ബുദ്ധിമുട്ടിലായ കർഷകർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പദ്ധതി.

ചടങ്ങിൽ വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശശി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ. എം. ശ്രീജിത്ത്‌, ബിന്ദു വി കെ, പഞ്ചായത്തം​ഗങ്ങളായ വിനിഷ ദിനേശൻ, കെ.എ.ജോസ് കുട്ടി, ചക്കിട്ടപ്പാറ സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി. പി.രഘുനാഥ്‌, കാർഷിക വികസന സമിതി അംഗങ്ങൾ, സോളാർ ഫെൻസിങ് പദ്ധതി ഗുണ ഭോക്താക്കൾ, പദ്ധതി നടപ്പിലാക്കിയ ​ഗവ. അംഗീകൃത ഏജൻസിയായ ഐ.എൻ.കെ.ഇ.എൽ ന്റെ പ്രധിനിധി ദീപു, കോൺട്രാക്ടർ സിബി, കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മൂന്നാം വാർഡ് മെമ്പർ ലൈസ ജോർജ് സ്വാഗതവും കൃഷി ഓഫീസർ ജിജോ ജോസഫ് ടി ജെ നന്ദിയും പറഞ്ഞു.