‘സമൂഹത്തിൽ നടക്കുന്ന അപചയങ്ങൾ തടയുന്നതിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് പങ്കുണ്ട്’; തിരുവള്ളൂരിലെ സോഷ്യലിസ്റ്റ് കുടുംബസംഗമം വേദിയില്‍ എം.വി ശ്രേയാംസ്‌കുമാർ
തിരുവള്ളൂർ: കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും മാനസിക പിരിമുറുക്കങ്ങളും ഇല്ലാതാക്കി അവരെ മോചിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് ആർ.ജെ.ഡി സംസ്ഥാനപ്രസിഡൻറ് എം.വി ശ്രേയാംസ്‌കുമാർ. ആർ.ജെ.ഡി. തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സോഷ്യലിസ്റ്റ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ നടക്കുന്ന അപചയങ്ങളും അപകടകരമായ പോക്കും തടയുന്നതിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് വലിയ പങ്കുണ്ട്. രാഷ്ട്രീയപ്പാർട്ടിയെന്നാൽ സമരംചെയ്യൽ മാത്രമല്ല. സമൂഹത്തിലെ ഇത്തരത്തിലുള്ള പ്രവണതകളെ ഇല്ലാതാക്കാനും അവയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രത്തിനുമാത്രമേ കഴിയൂ. വർഗീയതയെ ഒരിക്കലും സോഷ്യലിസ്റ്റുകാർ അംഗീകരിക്കില്ല. ചില കാര്യങ്ങളിൽ സന്ധിചെയ്യുകയുമില്ല. ദോഷവശങ്ങളുണ്ടെങ്കിലും കലാലയരാഷ്ട്രീയം നിരോധിച്ചതും പ്രശ്നമാണ്. പുതുതലമുറയോട് പെരുമാറേണ്ട രീതി നമ്മൾ പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആർ.ജെ.ഡി പഞ്ചായത്ത് പ്രസിഡന്റ് കോവുക്കൽ നാരായണൻ അധ്യക്ഷനായി. ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകരെ കെ.പി മോഹനൻ എം.എൽ.എ ആദരിച്ചു. ജില്ലാപ്രസിഡന്റ് എം.കെ ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ, മണ്ഡലം പ്രസിഡന്റ് വി.പി വാസു, കെ.പി കുഞ്ഞിരാമൻ, നീലിയോട്ട് നാണു, കെ.എം ബാബു, കെ.ടി കൃഷ്ണൻ, സുമ തൈക്കണ്ടി, ഇ.കെ പവിത്രൻ, സതി ദിവ്യനിലയം, വിനോദ് ചെറിയത്ത് തുടങ്ങിയവർ സംസാരിച്ചു.
Description: Socialist family gathering in Thiruvallur