ചക്കിട്ടപാറ പഞ്ചായത്തിലെ എല്ലാവർക്കും സാമൂഹ്യ സുരക്ഷ; ഉത്സവാന്തരീക്ഷത്തിൽ ‘സുരക്ഷ ചക്ര’ സർവ്വേയ്ക്ക് തുടക്കം


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സാമൂഹ്യ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കും ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ‘സുരക്ഷ ചക്ര’ പദ്ധതിയുടെ ഭാഗമായുള്ള സർവ്വേ ആരംഭിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്തിലെയും ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെയും 75 ഡിഗ്രി, പി.ജി വിദ്യാർത്ഥികളാണ് സർവ്വേ നടത്തുന്നത്.

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കയറിയാണ് സർവേ. സർവ്വേയുടെ ഉദ്ഘാടനം മുതുകാട് നരേന്ദ്ര ദേവ് കോളനിയിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ പി.പി.രഘുനാഥ് അധ്യക്ഷനായി.

ക്രൈസ്റ്റ് ഡയറക്ടർ ബിജു ടോംസ്, ബാങ്ക് വൈസ് പ്രസിഡന്റ്‌ കെ.കെ.നൗഷാദ്, ഓഡിറ്റർ ഇ.എം.സുരേഷ് കുമാർ, ഊര് മൂപ്പൻ ചന്തു, ബാങ്ക് സെക്രട്ടറി കെ.കെ.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.