തലശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ്പിനെതിരെ വധഭീഷണിയുയര്‍ത്തി കെ.ടി.ജലീല്‍ മാപ്പു പറയുക; പ്രതിഷേധവുമായി എസ്.എം.വൈ.എം താമരശ്ശേരി രൂപത
താമരശ്ശേരി: റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന പ്രസ്താവനയില്‍ തലശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാമ്പ്‌ലാനി പിതാവിനെതിരെ വധഭീഷണി ഉയര്‍ത്തിയ മുന്‍ മന്ത്രി കെ.ടി. ജലീല്‍ മാപ്പു പറയണമെന്ന് കെ.സി.വൈ.എം. എസ്.എം.വൈ.എം താമരശ്ശേരി രൂപത. ജലീലിന്റെ മാപ്പ് ആവശ്യപ്പെട്ട് കെ.സി.വൈ.എം. മരുതോങ്കര മേഖലയുടെ നേതൃത്വത്തില്‍ മുള്ളന്‍കുന്ന് അങ്ങാടിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഒരു സമുദായത്തിന്റെ വിഷയമായല്ല പിതാക്കന്മാര്‍ സംസാരിച്ചതെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ്.എം.വൈ.എം. സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ് പറഞ്ഞു. മലയോര കുടിയേറ്റ ജനതയുടെ ഉന്നമനത്തിനായി എന്നും ശബ്ദമുയര്‍ത്തിയ പാരമ്പര്യമുണ്ട് ക്രൈസ്തവ സമൂഹത്തിന്. ആ പാരമ്പര്യം നിലനിര്‍ത്തും വിധമാണ് ഈ ദിവസങ്ങളില്‍ സഭ ഉയര്‍ത്തിയ നിലപാട്. അവരുയര്‍ത്തിയ നിലപാടുകളില്‍ തെറ്റില്ലെന്ന് മാത്രമല്ല അടിയറച്ച് നില്‍ക്കുകയും ചെയ്യുന്നു. ജീവന്‍ നല്‍കിയും പിതാക്കന്മാരുടെ നിലപാടിന് കാവല്‍ നില്‍ക്കും. ഉടലിന് മേലെ തല നല്‍കിയത് ദൈവമാണ്, അതുണ്ടാകും വരെ പറഞ്ഞതില്‍ നിന്നും പിറകോട്ടു പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ എസ്.എം.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, മരുതോങ്കര മേഖല പ്രസിഡന്റ് അബിന്‍ ആന്‍ഡ്രൂസ്, സംസ്ഥാന സിന്‍ഡിക്കേറ്റ് റിച്ചാള്‍ഡ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. മരുതോങ്കര ഫോറോനാ വികാരി ഫാ.സിബി കളത്തൂര്‍, മരുതോങ്കര മേഖല ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പറത്തോട്ടത്തില്‍, വിവിധ കെ.സി.വൈ.എം യൂണിറ്റ് നേതാക്കന്മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംഗമത്തിന് മുന്നോടിയായി മുള്ളന്‍കുന്ന് അങ്ങാടിയില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ പ്രകടനവും നടത്തി.